കിടുത്തട്ടുമുക്ക് അക്രമം: അഞ്ച് ശിവസേനക്കാര്‍ അറസ്റ്റില്‍

Posted on: 01 Sep 2015ആറ്റിങ്ങല്‍: വെള്ളിയാഴ്ച ആലംകോട് വഞ്ചിയൂര്‍ കടവിള കട്ടപ്പറമ്പ് കിടുത്തട്ട്മുക്കില്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ജങ്ഷനില്‍ വര്‍ക്ഷോപ്പ് നടത്തുന്ന വഞ്ചിയൂര്‍ പട്ട്ലൂപിന്നക്കോണത്ത് വീട്ടില്‍ എം. രതീഷ് ( 31), ആലംകോട് മണ്ണൂര്‍ഭാഗം കാട്ടില്‍വീട്ടില്‍ ജി. അജി(38), വഞ്ചിയൂര്‍ കുന്നുംപുറത്ത് വീട്ടില്‍ എം. ബിജു (37), വഞ്ചിയൂര്‍ പട്ട്ലൂവികാസ്ഭവനില്‍ എസ്. വിമേഷ് (27), വഞ്ചിയൂര്‍ ജംഗ്ഷനുസമീപം എന്‍.ജെ. വിലാസത്തില്‍ ജി. സുജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. രതീഷാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായവരെല്ലാം ശിവസേന പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
കിടുത്തട്ടുമുക്കില്‍ ഓണാഘോഷം നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്നവരെയാണ് സംഘം മര്‍ദ്ദിച്ചത്. ഇവരുടെ മര്‍ദ്ദനമേറ്റ കടവിള സായിഭവനില്‍ പരേതനായ സാംബശിവന്റെ മകന്‍ സായിയെ (26) ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കടവിളയില്‍ പോലീസിനെ തടഞ്ഞു വയ്ക്കലിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. സായിയെക്കൂടാതെ റോബിന്‍സത്യന്‍(27), നിജിന്‍(26), രാഘവന്‍(38), കൃഷ്ണകുമാര്‍( 26), അജിത്ത്(27) സുരേഷ്‌കുമാര്‍( 27) സജി(26) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കടവിള പ്രദേശത്ത് താമസിക്കുന്ന ചില സ്ത്രീകളോട് പ്രതികളില്‍ ചിലര്‍ അപമര്യാദയായി പെരുമാറിയതിനെ പ്രദേശത്തെ ചില ചെറുപ്പക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് പോലീസ് പറയുന്നു. താക്കീത് ചെയ്ത യുവാക്കളില്‍ ചിലര്‍ ഓണാഘോഷം നടക്കുന്നിടത്ത് നില്ക്കുന്നതറിഞ്ഞാണ് 11 പേരടങ്ങുന്ന സംഘം വടിവാള്‍, കമ്പിപ്പാര, കുറുവടി എന്നിവയുമായി കിടുത്തട്ടുമുക്കിലെത്തി ആക്രമണം നടത്തിയത്. എറണാകുളത്ത് താമസിക്കുന്ന സായി ഓണത്തിന് നാട്ടില്‍ വന്നതാണ്. നാട്ടില്‍ ഒരുവിധ പ്രശ്‌നങ്ങളിലും ഉള്‍പ്പെടാത്തയാളായ സായിയെയും സംഘം മാരകമായി മര്‍ദ്ദിച്ചു.
സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മാരകായുധങ്ങള്‍ കൈവശം വച്ച് ഉപയോഗിച്ചതിനുമാണ് അക്രമികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളില്‍ ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്. പി. ആര്‍. പ്രതാപന്‍നായരുടെ നിര്‍ദ്ദേശപ്രകാരം സി.ഐ. എം. അനില്‍കുമാര്‍, എസ്.ഐ. ബി. ജയന്‍, ഗ്രേഡ് എസ്.ഐ. മാരായ ദറാജുദ്ദീന്‍, ജയകുമാര്‍, എ.എസ്.ഐ. തിലകന്‍, എസ്. സി.പി.ഒ. സതികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കല്ലമ്പലത്തുനിന്നും തിങ്കളാഴ്ച പുലര്‍ച്ചെ ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പിടികിട്ടാനുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.More Citizen News - Thiruvananthapuram