പരിശോധനകളില്ല; തീരപ്രദേശങ്ങളിലൂടെ കന്നുകാലി കടത്ത് വ്യാപകം

Posted on: 01 Sep 2015പൂവാര്‍: തീരപ്രദേശങ്ങളിലൂടെ കന്നുകാലി കടത്ത് വ്യാപകം. യാതൊരു പരിശോധനകളും ഇല്ലാതെയാണ് യഥേഷ്ടം കന്നുകാലി കടത്ത് നടക്കുന്നത്. കന്നുകാലികളെ കാല്‍നടയായി കൊണ്ടുവരുന്നതിനാല്‍ പലപ്പോഴും അധികൃതര്‍ക്ക് തടയാനാവാത്ത സ്ഥിതിയാണ്. തമിഴ്‌നാട്ടില്‍ നിന്ന് പൂവാറിലെ ആറ്റുപുറം ചെക്ക് പോസ്റ്റിലൂടെയാണ് ഏറ്റവും കൂടുതല്‍ കാലികളെ കടത്തി കേരളത്തില്‍ എത്തിക്കുന്നത്.
ആറ്റുപുറം വരെ കന്നുകാലികളെ വാഹനങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് വാഹനത്തില്‍ നിന്നും ഇറക്കി കാല്‍നടയായി ചെക്ക് പോസ്റ്റ് കടത്തും. കൂട്ടത്തോടെ കടത്തിയാല്‍ സംശയം ഉണ്ടാവുമെന്നതിനാല്‍ ഒന്നും രണ്ടും വീതമാണ് കടത്തുന്നത്. ഇത്തരത്തില്‍ കടത്തിയ കാലികളെ പൂവാറില്‍ എത്തിച്ചശേഷം വാഹനത്തില്‍ കയറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോവുകയാണ് പതിവ്. ഇതിനിടെ വാഹന പരിശോധന ഉണ്ടായാല്‍ കാലികളെ വീണ്ടും പുറത്തിറക്കി കാല്‍നടയാക്കി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കും. ഇത്തരത്തിലാണ് ഇപ്പോള്‍ തീരപ്രദേശങ്ങളിലൂടെ കന്നുകാലി കടത്ത് നടക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്നവയില്‍ രോഗങ്ങള്‍ പിടിപെട്ട കാലികളും കൂട്ടത്തിലുണ്ട്. ഇവയെല്ലാം കേരളത്തിലെ ഇറച്ചി വെട്ട് കേന്ദ്രങ്ങളിലാണ് കൊണ്ടെത്തിക്കുന്നത്. ഇവയാണ് ജനങ്ങള്‍ക്ക് വിറ്റഴിക്കുന്നത്. അതിനാല്‍ തീരദേശങ്ങളിലൂടെ എത്തിക്കുന്ന കന്നുകാലികള്‍ ജനങ്ങള്‍ക്ക് ആരോഗ്യ ഭീഷണി ഉണ്ടാക്കുമോ എന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.
കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും നടപ്പായില്ല. അതിനുള്ള സംവിധാനങ്ങളൊന്നും ചെക്ക് പോസ്റ്റുകളിലുമില്ല. കുടാതെ അനധികൃത കടത്ത് നടക്കുമ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി നഷ്ടവും സര്‍ക്കാരിനുണ്ടാവും.
പൂവാറിലൂടെ ദിവസം നൂറുകണക്കിന് കന്നുകാലികളെയാണ് അനധികൃതമായി കടത്തുന്നത്. ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്ന ആക്ഷേപവും ഉയരുന്നു. പൂവാറിനെ കൂടാതെ മാവിളക്കടവ് ചെക്ക്‌പോസ്റ്റ്, നെയ്യാറിന്റെ കടവുകള്‍ എന്നിവിടങ്ങളില്‍ കൂടിയും കന്നുകാലികടത്ത് വര്‍ധിച്ചിട്ടുണ്ട്.More Citizen News - Thiruvananthapuram