അപകടക്കെണിയായി കൊല്ലമ്പുഴ വളവ്‌

Posted on: 31 Aug 2015കടയ്ക്കാവൂര്‍: അപകടമുണ്ടാകുന്ന മേഖലയായി മാറിയിരിക്കുകയാണ് കൊല്ലമ്പുഴ പാലം കഴിഞ്ഞുള്ള കൊടും വളവ്. ആറ്റിങ്ങലില്‍നിന്ന് കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ് പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയുന്ന റോഡിലാണ് ആളെക്കൊല്ലുന്ന ഈ വളവ്. കൊല്ലമ്പുഴ പാലത്തിനൊപ്പം തറനിരപ്പില്‍ നിന്ന് ഇരുപതടിയോളം ഉയര്‍ന്നാണ് റോഡ് എന്നത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇരുവശങ്ങളിലുമുള്ള അഗാധമായ കുഴി വാഹനയാത്രക്കാരുടെ പേടിസ്വപ്‌നമായി ഈ പ്രദേശത്തെ മാറ്റിയിട്ടുണ്ട്.
അപകടഭീതിയോടെ ജീവിക്കുകയാണ് വളവിന് തൊട്ടുതാഴെ താമസിക്കുന്ന രണ്ടുകുടുംബങ്ങള്‍. ചെറുതും വലുതുമായ നാല്‍പ്പതോളം വാഹനങ്ങളാണ് ഈ രണ്ടുവീടുകളുടേയും മുറ്റത്തേയ്ക്ക് മറിഞ്ഞിട്ടുള്ളത്. രാത്രികാലങ്ങളില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ വീടിന്റെ ചുമര്‍ തകര്‍ത്ത് മുറിക്കുള്ളിലേക്ക് ഇടിച്ചുകയറിയ സംഭവവുമുണ്ടായിട്ടുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് സമാധാനമായി മുറ്റത്ത് കളിക്കാന്‍പോലുമാകാതെ ഭീതിയിലാണ് വര്‍ഷങ്ങളായി ഈ രണ്ടുകുടുംബവും.
വളവുകളില്‍ പാലിക്കേണ്ട യാതൊരു സുരക്ഷാ മാനദണ്ഡവും ഇവിടെ പൊതുമരാമത്ത് കൈക്കൊണ്ടിട്ടില്ല. വളവറിയിക്കുന്ന സൂചകബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡരികില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ ഒന്നുപോലും അവശേഷിച്ചിട്ടില്ല. വളവുകളില്‍ റോഡിനുണ്ടാകേണ്ട സ്വാഭാവിക ചരിവുപോലും നിര്‍മിക്കാതെ അശാസ്ത്രീയമായാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
വശങ്ങളില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്ന് കാഴ്ചമറയ്ക്കുന്ന രീതിയിലാണ്. ഇതിനൊക്കെ പുറമെ തെരുവ് വിളക്കുകള്‍ കത്താത്തത് അപകടം നിത്യസംഭവമാക്കുന്നു. രാത്രികാലങ്ങളില്‍ ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെളിച്ചക്കുറവും റോഡിന്റെ അശാസ്ത്രീയതയും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ആറ്റിങ്ങല്‍ നഗരസഭയുടേയും കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിന്റേയും അതിര്‍ത്തിയായതിനാല്‍ ഇരുഭരണസമിതിയും ഈ പ്രദേശത്തെ പ്രശ്‌നങ്ങള്‍ കാര്യമായി എടുക്കാറില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.
വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നുണ്ട്. കൊല്ലമ്പുഴ വളവില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നവരുണ്ട്. വര്‍ധിച്ചുവരുന്ന ഈ പ്രദേശത്തെ അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാവേലികള്‍ ഉള്‍പ്പെടെയുള്ളവ അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

More Citizen News - Thiruvananthapuram