ഗുരുസ്മൃതികളില്‍ ഭക്തിസാന്ദ്രമായി നാടെങ്ങും ചതയദിനാഘോഷം

Posted on: 31 Aug 2015ചിറയിന്‍കീഴ്: വിശ്വസ്‌നേഹത്തിന്റെ സദ് സന്ദേശം മനുഷ്യനേകിയ ശ്രീനാരായണഗുരുവിന്റെ ജയന്തിദിനം നാടാകെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. എസ്.എന്‍.ഡി.പി. യൂണിയനുകള്‍, ശാഖാ, വനിതാ യോഗങ്ങള്‍, യൂത്ത് മൂവ്‌മെന്റ്, ഗുരുമന്ദിരങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ചിറയിന്‍കീഴ് താലൂക്ക്തല ആഘോഷം കടയ്ക്കാവൂരില്‍ ഗുരുസന്ദേശ മതസമന്വയ ഘോഷയാത്രയോടെ നടന്നു. കടയ്ക്കാവൂര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഊട്ടുപറമ്പ് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍നിന്ന് ഗുരുദേവ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര ഞായറാഴ്ച രാവിലെ തുടങ്ങി. വി.ശശി എം.എല്‍.എ, ജയന്തി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.ഡി. സുരേഷിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. താലപ്പൊലി, കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ഇരുപതിലധികം നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ അകമ്പടിയായി. എസ്.എന്‍.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം അജി എസ്.ആര്‍.എം, യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, ഡി.വിപിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു ചിറയിന്‍കീഴ് യൂണിയന്റെ ജയന്തി ആഘോഷം ഞായറാഴ്ച രാവിലെ സഭവിള ശ്രീനാരായണ ആശ്രമത്തില്‍ നടന്നു. ജസ്റ്റിസ് ഡി.ശ്രീദേവി ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് ഡി.രാജേന്ദ്രന്‍, സെക്രട്ടറി ഡി.ജയതിലകന്‍, പ്രദീപ് സഭവിള തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരുങ്ങുഴി, അഴൂര്‍, ഇടഞ്ഞുംമൂല, പണ്ടകശാല, ആനത്തലവട്ടം, ഗുരുവിഹാര്‍, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട, വിളബ്ഭാഗം മുടപുരം, എസ്.എന്‍.ജങ്ഷന്‍, മാമം നട, മഞ്ചാടിമൂട്, തിനവിള, കൊച്ചാലുംമൂട്, കടകം, ശിവകൃഷ്ണപുരം, കീഴാറ്റിങ്ങല്‍, പുതുക്കരി, മുട്ടപ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകളുടെ നേതൃത്വത്തില്‍ ആഘോഷം നടന്നു. സഭവിള ശ്രീനാരായണ ആശ്രമത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രത്യേക പൂജകളുണ്ടായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചതയദിനത്തില്‍ ദൈവദശക പ്രചാരണ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു.

More Citizen News - Thiruvananthapuram