ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും

Posted on: 31 Aug 2015തിരുവനന്തപുരം: തലസ്ഥാനത്തിന്റെ പ്രധാനനഗരവീഥി തിങ്കളാഴ്ച വര്‍ണപ്പുഴയാകും. നിറച്ചാര്‍ത്തുകളും കലയുടെ ദൃശ്യപ്പൊലിമയും നിറയും. പൊലിമയാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്കായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് വെള്ളയമ്പലത്ത് നിന്ന് തിങ്കളാഴ്ച വൈകുന്നേരം ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ പി. സദാശിവം ഫ്‌ലാഗ് ഓഫ് ചെയ്യും.
3000 കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. തൃശൂര്‍ പൂരം, ഉത്രാളി പൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട്് തുടങ്ങി സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ഉത്സവ-സാംസ്‌കാരിക പരിപാടികള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ദഫ്മുട്ട്, അറവനമുട്ട്, മാര്‍ഗം കളി, പരിചമുട്ട്കളി, ചവിട്ടുനാടകം, അര്‍ജുനനൃത്തം, വട്ടകളി, പരുന്താട്ടം, കുമ്മാട്ടി, പടയണി, ഗരുഡന്‍ പറവ, യക്ഷഗാനം, പുലി കളി, കരടി കളി, തമ്പോലമേളം, ബൊമ്മയാട്ടം, ബാന്‍ഡ്, പാക്കനാരാട്ടം, പെരുമ്പറമേളം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളുണ്ടായിരിക്കും.
മറ്റ് സംസ്ഥാനങ്ങളുടെ കലാരൂപങ്ങളായി കളിയാട്ടം, ഫാഗ് ആന്റ്് വൂമര്‍, സംബല്‍പുരി, മതുരി, സിദ്ധി ദമാല്‍, തുടങ്ങിയവയുണ്ടാകും. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി കലാരൂപങ്ങളും ഉണ്ടായിരിക്കും.
ചെണ്ടമേളവും ആലവട്ടവും വെണ്‍ചാമരവും ഘോഷയാത്രയുടെ മുന്നണിയിലുണ്ടാകും. കേരളീയ വേഷമണിഞ്ഞ സ്ത്രീകളും പുരുഷന്മാരും മുത്തുക്കുടകളും ഓലക്കുടകളുമേന്തി അനുഗമിക്കും. പിന്നാലെ തായമ്പക, കളരിപയറ്റ്, വേലകളി എന്നിവ.
ആഫ്രിക്കന്‍ ഡാന്‍സ് ആന്‍ഡ് ഡ്രംസ്, വെസ്റ്റേണ്‍ മ്യൂസിക് ആന്‍ഡ് ബിബോയിങ് ഡാന്‍സ്, ജപ് റോപ് സ്‌കിപ്പിങ് എന്നിവയുടെ നിരതന്നെ ഘോഷയാത്രയിലുണ്ടാകും. മയിലാട്ടം, മയൂരനൃത്തം, അമ്മന്‍കുടം, പമ്പമേളം, നാഗനൃത്തം തുടങ്ങിയ കലകളുടെ നൃത്തച്ചുവടുകളുമായി കലാകാരന്മാര്‍ ഉണ്ടാകും.
ആനുകാലിക പ്രാധാന്യമുള്ള നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. ആനുകാലിക വിഷയങ്ങളുള്‍ക്കൊള്ളിച്ച് 90 ഫ്‌ളോട്ടുകളുണ്ടാകുമെന്നാണ് ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.
സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ഡി.ടി.പി.സി., ബാങ്കുകള്‍, ഐ.എസ്.ആര്‍.ഒ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളാകുന്നുണ്ട്. ജൈവകൃഷിയും എയര്‍ ആംബുലന്‍സുമെല്ലാം ഇത്തവണ നിശ്ചല ദൃശ്യങ്ങളില്‍ ഇടംനേടും.
സമാപന സമ്മേളനം തിങ്കളാഴ്ച രാത്രി ഏഴിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഫ്‌ലോട്ടുകള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിക്കും.
വിമാനത്താവളത്തില്‍ മാവേലി

വിമാനത്താവളത്തിലെത്തുന്നവരെ വരവേല്‍ക്കുന്നത് മഹാബലി. കാണാന്‍ അത്തപ്പൂക്കളം, കഥകളി വേഷമണിഞ്ഞ കലാകാരന്‍മാര്‍. ആസ്വദിക്കാന്‍ പഞ്ചവാദ്യം, ഓണംവിഭവങ്ങളായ കായ ഉപ്പേരി, ശര്‍ക്കര വരട്ടി. ആവോളം പായസമുണ്ണുന്നതിന് പ്രത്യേകം പായസം മേള തന്നെ ഒരുക്കിയിട്ടുണ്ട്. മഹാബലിക്കും കഥകളി വേഷത്തിനുമൊപ്പംനിന്ന് സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരെല്ലാം. ഈ മാസം 24 മുതല്‍ തന്നെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഇത്തരത്തില്‍ സ്വീകരണമൊരുക്കിയിരുന്നു. വിനോദസഞ്ചാരവകുപ്പും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് 'കേരളം സന്ദര്‍ശിക്കു' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ഓണ വരവേല്‍പ്പ്. കേരളത്തിന്റെ വിനോദസഞ്ചാരസാധ്യതകളെ പരിപോഷിപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു പദ്ധതി. മഹാബലിയെ കാണാന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

More Citizen News - Thiruvananthapuram