അന്തസ്സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: അന്തസ്സംസ്ഥാന മോഷണ സംഘത്തിലെ രണ്ടു പേരെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടി. തമിഴ്‌നാട്, തിരുവാളൂര്‍ ജില്ലയിലെ മണ്ണാര്‍ക്കുടി സ്വദേശി കാളിമുത്തു(39), തെങ്കാശി കടനല്ലൂര്‍ സ്വദേശി മുത്തുമുരുകനെന്ന മുരുകന്‍(36) എന്നിവരെയാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറുപതോളം മോഷണ കേസിലെ പ്രതികളാണ് പിടിയിലായവര്‍.
നെയ്യാറ്റിന്‍കര രാമേശ്വരത്തെ മൂന്ന് വീടുകളിലും പാലക്കടവിന് സമീപം ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിലെയും പ്രതികളാണ് ഇരുവരും. നെയ്യാറ്റിന്‍കര ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്പനശാലയ്ക്ക് സമീപത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ സംഘത്തിലെ അഞ്ച്‌പേര്‍ ഒളിവിലാണ്.
അമരവിളയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് താമസിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. പ്രതികള്‍ ബന്ധുക്കളാണ്. കത്തികള്‍ നന്നാക്കുന്നവരെന്ന വ്യാജേന വീടുകളില്‍ എത്തി സ്ഥലം നോക്കിവെച്ച ശേഷം രാത്രിയിലെത്തിയാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ശാന്തിവിള കുരുമി റോഡ്, സര്‍വോദയം റോഡ് എന്നിവിടങ്ങളിലെ പത്ത് വീടുകളില്‍ കവര്‍ച്ചാ ശ്രമം നടത്തിയത് ഈ സംഘമാണ്.
രാമേശ്വരത്തെ മൂന്ന് വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയത് ഈ പ്രതികളാണ്. പള്ളിച്ചല്‍ ധനലക്ഷ്മി ഓഡിറ്റോറിയത്തിന് സമീപം വീടുകളില്‍ മോഷണം നടത്തിയത് പ്രതികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രവച്ചമ്പലത്ത് മുഖംമൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയതും ഈ പ്രതികാളാണെന്ന് നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍ പറഞ്ഞു.
ബാലരാമപുരം തലയല്‍ ശിവ ക്ഷേത്രത്തിന് സമീപം, കാട്ടാക്കട, പൂവച്ചല്‍, കഴക്കൂട്ടം വെട്ടുറോഡ്, ചിറയിന്‍കീഴ്, പേട്ട റെയില്‍വേ സ്റ്റേഷന് സമീപം എന്നിവിടങ്ങളില്‍ പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര കവളാകുളത്തും പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ട്. മോഷണ ബൈക്കുകളില്‍ കറങ്ങിയാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നത്. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ബൈക്കുകള്‍ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയും.
സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയതായി ഡിവൈ.എസ്.പി. എസ്. സുരേഷ്‌കുമാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര എസ്.ഐ.മാരായ പി.ശ്രീകുമാരന്‍ നായര്‍, സനോജ്, കാര്‍ത്തികേയന്‍ നായര്‍, എ.എസ്.ഐ. ആന്റണി, സീനിയര്‍ സി.പി.ഒ.മാരായ കൃഷ്ണകുമാര്‍, ഹര്‍ഷകുമാര്‍, ഷാജി, ജ്യോതിഷ്‌കുമാര്‍, ഷാഡോ പോലീസുകാരായ പോള്‍മിന്‍, പ്രവീണ്‍ ആനന്ദ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

More Citizen News - Thiruvananthapuram