അനധികൃത സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on: 31 Aug 2015വെള്ളറട: അഞ്ചുമരങ്കാലയ്ക്ക് സമീപം അനധികൃത സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പേരൂര്‍ക്കടയില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമമാണ് നാട്ടുകാരും സഭാവിശ്വാസികളും തടഞ്ഞത്. പിന്നീട് എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മുമ്പ് ഈ വസ്തു മുഴുവന്‍ സി.എസ്.ഐ. യുടെ കീഴിലുള്ളതായിരുന്നു. ഇതില്‍ ഒരു ഭാഗം അഞ്ചുമരങ്കാല ഇടവകയിലുള്ള വിശ്വാസികളുടെ ശവസംസ്‌കാരത്തിനായി മാറ്റിവെച്ചു. ഇതിലേക്കായി പഞ്ചായത്ത് അധികൃതര്‍ അനുമതിയും നല്‍കിയിരുന്നു. നിരവധിപേരുടെ ശവസംസ്‌കാരവും ഇവിടെ നടത്തിയിരുന്നു. പിന്നിട് വസ്തുവിന്റെ ശേഷിച്ച ഭാഗം മറ്റ് സഭകള്‍ക്ക് കൈമാറിയിരുന്നതായും അവിടെ സെമിത്തേരിക്ക് അനുമതിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
രാവിലെ കുഴി എടുക്കാന്‍ എത്തിയ തൊഴിലാളികളെ നാട്ടുകാര്‍ തിരിച്ചയച്ചു. എന്നാല്‍ രാത്രിയില്‍ വീണ്ടും മൃതദേഹവുമായി ആംബുലന്‍സ് എത്തിയത് അവരുടെ പ്രതിഷേധം രൂക്ഷമാകാന്‍ ഇടയാക്കി. തുടര്‍ന്ന് വെള്ളറട സി.ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷം മൃതദേഹം തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന് മുമ്പും ദൂരസ്ഥലങ്ങളില്‍ നിന്ന് സംസ്‌കരിക്കാനായി മൃതദേഹങ്ങള്‍ കൊണ്ട് വന്നിരുന്നത് തടഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.

More Citizen News - Thiruvananthapuram