കലാമണ്ഡലം പി.ജി. രാധാകൃഷ്ണന്‍: കളിയരങ്ങിലെ നാദവിസ്മയം

Posted on: 31 Aug 2015ആറ്റിങ്ങല്‍: കഥകളിയരങ്ങിലെ നാദവിസ്മയമായിരുന്നു കലാമണ്ഡലം പി.ജി. രാധാകൃഷ്ണന്‍. കഥകളി സംഗീതത്തിന് ആണത്തത്തിന്റെ കരുത്ത് പകര്‍ന്ന കലാകാരന്‍. കഥകളിപ്പദങ്ങള്‍ക്ക് സംഗീതത്തിനേക്കാളുപരി ഭാവത്തിനാണ് പ്രാധാന്യമെന്ന് വിശ്വസിക്കുകയും അരങ്ങുകളില്‍ അത് തെളിയിക്കുകയും ചെയ്തു അദ്ദേഹം. അതേസമയം കഥകളിപ്പദങ്ങളെ ക്ലാസിക്കല്‍ സംഗീതത്തിന്റെ പ്രൗഢിയോടെ കച്ചേരികളില്‍ അവതരിപ്പിക്കാനും മിടുക്ക് കാട്ടി.
അസാധാരാണമായ കഴിവുകളായിരുന്നു പി.ജി. രാധാകൃഷ്ണന്റെ സമ്പാദ്യം. കൊല്ലം കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന് സമീപം പറങ്കിമാംവിളവീട്ടില്‍ പരേതരായ ഗോപാലപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും എട്ട് മക്കളില്‍ നാലാമനാണ് പി.ജി. രാധാകൃഷ്ണന്‍. കുടുംബത്തില്‍ ആര്‍ക്കും കഥകളിയുമായോ സംഗീതവുമായോ ബന്ധമുണ്ടായിരുന്നില്ല.
കുട്ടിക്കാലത്ത് ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ പുരാണപാരായണം നടത്തിയ രാധാകൃഷ്ണന്റെ ശബ്ദമാധുര്യം തിരിച്ചറിഞ്ഞ നാട്ടുകാരാണ് കലാമണ്ഡലത്തിലേക്കുള്ള വഴി തുറന്നത്. കലാമണ്ഡലത്തില്‍ നീലകണ്ഠന്‍ നമ്പീശന്‍, കരുണാകരനാശാന്‍, ഉണ്ണികൃഷ്ണക്കുറുപ്പ്, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുടെ ശിഷ്യനായി കഥകളിസംഗീതം അഭ്യസിച്ചു.
19-ാം വയസ്സുമുതല്‍ കളിയരങ്ങുകളില്‍ പാടാന്‍ തുടങ്ങി. പദങ്ങളുടെ ഭാവം ജീവശ്വാസത്തിലാവാഹിച്ച് പി.ജി.രാധാകൃഷ്ണന്‍ പാടുമ്പോള്‍ കഥകളിയാസ്വാദകര്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത പുതുരസങ്ങള്‍ നുണയാന്‍ തുടങ്ങി. ദേവയാനീ ചരിതത്തിലെ 'നല്ലാര്‍മൗലീ മാണിക്യക്കല്ലേ' എന്നുതുടങ്ങുന്ന പദം പി.ജി. രാധാകൃഷ്ണന്റെ ശബ്ദത്തില്‍ കേട്ടിട്ടുള്ളവര്‍ക്കാര്‍ക്കും മരിക്കുംവരെ അത് മറക്കാനാവില്ല.
ഉയര്‍ന്ന സ്ഥായിയില്‍ പാടാനുള്ള കഴിവ് പി.ജി. രാധാകൃഷ്ണനെ കഥകളി സംഗീതലോകത്ത് വേറിട്ടതാക്കി. ശക്തിയുള്ള പാട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പാട്ടിന് കിട്ടിയ വിശേഷണം. പാട്ടിലെ ഈ തന്‍പോരിമ അരങ്ങുകള്‍ക്ക് പ്രിയപ്പെട്ടവനായി പി.ജി.യെ മാറ്റി. വര്‍ഷം നൂറ്റമ്പതില്‍പ്പരം വേദികളില്‍ പാടി. കീചകവധത്തിലെ ഹരിണാക്ഷീ എന്ന പദം കാംബോജി രാഗത്തില്‍ പി.ജി. രാധാകൃഷ്ണന്‍ പാടുന്നത് കേള്‍ക്കാന്‍ ആസ്വാദകര്‍ വേദികള്‍ തേടിയെത്തുമായിരുന്നു. നളചരിതം, കര്‍ണശപഥം, കിര്‍മീരവധം എന്നിവയും അദ്ദേഹത്തിന് പ്രിയപ്പെട്ട കഥകളായിരുന്നു.
കഥകളിപ്പദക്കച്ചേരി ചെണ്ടയും മദ്ദളവും ഉപയോഗിച്ച് നടത്തുന്നത് കൂടാതെ വയലിനും മൃദംഗവുമുപയോഗിച്ച് ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ മാധുര്യത്തോടെ അവതരിപ്പിക്കാനും പി.ജി.ക്ക് കഴിഞ്ഞു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. രാത്രിയിലെപ്പോഴോ ആയിരുന്നു മരണം. പുലര്‍ന്നിട്ടാണ് വീട്ടുകാരറിയുന്നത്. കഥകളിയരങ്ങില്‍നിന്ന് കലാമണ്ഡലം പി.ജി. രാധാകൃഷ്ണന്‍ ധനാശി പാടി പടിയിറങ്ങുമ്പോള്‍ അദ്ദേഹം ഒഴിച്ചിട്ട ശൂന്യതയെ പൂരിപ്പിക്കാന്‍ ഇനിയാര് എന്ന ചോദ്യമാണ് ആസ്വാദക മനസ്സിലുയരുന്നത്.


80


കലാമണ്ഡലം പി.ജി. രാധാകൃഷ്ണന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വേദിയില്‍ കച്ചേരി അവതരിപ്പിച്ചപ്പോള്‍

More Citizen News - Thiruvananthapuram