മദ്യം പങ്കുവെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Posted on: 31 Aug 2015പേരൂര്‍ക്കട: മദ്യത്തിന്റെ പേരിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം. കേസിലെ പ്രതിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. പാലോട് ഇലവുപാലം സ്വദേശിയും ഊളമ്പാറ ജങ്ഷനു സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനില്‍കുമാറിനെയാണ്(37) പോലീസ് അറസ്റ്റുചെയ്തത്. ലോഡ്ജിലെ താമസക്കാരനും വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശിയുമായ ജയരാജനാണ് (35) കുത്തേറ്റ് ആശുപത്രിയിലുള്ളത്. ജയരാജ് അപകടനില തരണം ചെയ്തിട്ടില്ല. മദ്യംവാങ്ങാന്‍ ഓഹരി നല്‍കാത്ത ഒരാള്‍ക്ക് ജയരാജ് മദ്യം കൊടുത്തതില്‍ പ്രകോപിതനായ സുനില്‍കുമാര്‍ കത്തി എടുത്ത് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുത്തേറ്റ ജയരാജ് അമ്മ റോസ്‌മേരിയെ അടിച്ചു കൊന്ന കേസിലെ പ്രതിയാണെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ പോലീസ് പിടിയിലായത്. ശ്രീകാര്യത്തെ ഒരു ഹോട്ടലിലാണ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നത്. പേരൂര്‍ക്കട സി.ഐ. സുരേഷ്ബാബു, എസ്.ഐ. സൈജുനാഥ്, എ.എസ്.ഐ. വിജയമോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജാറാം, ഷാഡോ ടീമംഗങ്ങളായ അരുണ്‍കുമാര്‍, സാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

More Citizen News - Thiruvananthapuram