അക്രമികളുടെ മര്‍ദനമേറ്റ യുവാവ് തൂങ്ങി മരിച്ചനിലയില്‍

Posted on: 31 Aug 2015
ആറ്റിങ്ങല്‍:
ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞുെവച്ചു. ആറ്റിങ്ങല്‍ എസ്. ഐ. യുടെ നടപടിയില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നാരോപിച്ചായിരുന്നു ഇത്. സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. വൈകീട്ട് 4 മണിയോടെ ഡിവൈ. എസ്.പി. ആര്‍. പ്രതാപന്‍നായര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്.
ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ കടവിള സായിഭവനില്‍ പരേതനായ സദാശിവന്റെ മകന്‍ സായി(26) ആണ് മരിച്ചത്. വീട്ടിലെ ഹാളിലുള്ള ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സായിയുടെ സഹോദരി സൗമ്യ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മകളെ ശുശ്രൂഷിക്കാന്‍ വേണ്ടി അമ്മ ഇന്ദിരയും എറണാകുളത്താണ് താമസിക്കുന്നത്. കടവിളയിലെ വീട്ടില്‍ സായി മാത്രമാണുള്ളത്. ഞായറാഴ്ച രാവിലെ പത്ത് മണിയായിട്ടും വീട് തുറക്കാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിലറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു െവയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച കട്ടപ്പറമ്പ് കിടുത്തട്ടുവിള ജങ്ഷനില്‍ ഓണക്കളികള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ നടക്കുന്നതിനിടക്ക് ചിലര്‍ ബൈക്കുകളില്‍ കറങ്ങി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ ചെറുത്തു. അവിടെനിന്ന് പോയ സംഘം വൈകുന്നേരം ആറരയോടെ മാരകായുധങ്ങളുമായെത്തി കിടുത്തട്ടുവിള ജങ്ഷനില്‍ നിന്നവരെ മര്‍ദിച്ചു. സായിക്കും റോബിന്‍ (27), ലിജിന്‍(26), രാഘവന്‍(38), കൃഷ്ണകുമാര്‍( 26), അജിത്ത്(27) സുരേഷ്‌കുമാര്‍(27), സജി(26) എന്നിവര്‍ക്കും മര്‍ദനമേറ്റു.
വിവരം അപ്പോള്‍ത്തന്നെ ആറ്റിങ്ങല്‍ പോലീസിലറിയിച്ചു. ഏതാനുംപേരെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് എല്ലാപേരെയും വിട്ടയച്ചതായാണ് ആരോപണം. ശനിയാഴ്ച പരാതി നല്‍കാനെത്തിയ സായിയുടെ പരാതി എസ്.ഐ. ബി. ജയന്‍ സ്വീകരിച്ചില്ലെന്നും സായിയോട് അപമര്യാദയായി പെരുമാറിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിലുള്ള മനോവിഷമമാണ് സായിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ചാണ് നാട്ടുകാര്‍ പോലീസിനെ തടഞ്ഞത്. സ്റ്റേഷനില്‍ നല്‍കാന്‍ തയ്യാറാക്കിയ പരാതി സായിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തു.
ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ എസ്.ഐ. യെയും സംഘത്തെയും തടഞ്ഞുെവച്ചതറിഞ്ഞ് 11 മണിയോടെ സി. ഐ. എം. അനില്‍കുമാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും എസ്.ഐ. ക്കെതിരെ നടപടിയെടുക്കണമെന്നും ആര്‍.ഡി.ഒ. സ്ഥലത്തെത്തണമെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ നാട്ടുകാരുറച്ചു. വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളും എത്തിയതോടെ സംഘര്‍ഷാവസ്ഥയായി.
വൈകീട്ട് 4 മണിയോടെ ഡിവൈ.എസ്.പി. സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ എസ്.ഐ. ക്കെന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാമെന്നും അക്രമികളെ കഴിയുന്നത്രവേഗം പിടികൂടാമെന്നും ഡിവൈ. എസ്.പി. ഉറപ്പ് കൊടുത്തു. ഈ സമയം ചിറയിന്‍കീഴ് തഹസില്‍ദാര്‍ ആര്‍.സുകുവും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.
വഞ്ചിയൂര്‍ സ്വദേശികളായ മുപ്പതോളംപേരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇവര്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സി.ഐ. എം. അനില്‍കുമാര്‍ പറഞ്ഞു. ഈ കേസില്‍ മരിച്ച സായിയും സാക്ഷിയാണ്. അയാളുടെ പരാതി പ്രത്യേകം സ്വീകരിക്കേണ്ടതില്ലാത്തതിനാലാണ് പരാതി സ്വീകരിക്കാതെ അടുത്ത ദിവസം മൊഴി കൊടുക്കാനെത്തണമെന്നറിയിച്ചതെന്ന് സി.ഐ. ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ഡിവൈ. എസ്.പി. അറിയിച്ചു.
സായി എറണാകുളത്തെ ജുവലറിയിലെ ജീവനക്കാരനാണ്. ഓണാവധിക്ക് നാട്ടിലെത്തിയതാണ്. ഞായറാഴ്ച രാത്രി മടങ്ങിപ്പോകാനിരുന്നതാണ്.


57


പോലീസിനെ തടഞ്ഞതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തുന്നു

More Citizen News - Thiruvananthapuram