ഗുരുദേവ ദര്‍ശനത്തിന്റെ വിളംബരമായി ജയന്തി ഘോഷയാത്ര

Posted on: 31 Aug 2015ശിവഗിരി: ഗുരുദേവദര്‍ശനങ്ങള്‍ വിളംബരം ചെയ്തും വര്‍ണക്കാഴ്ചകളും താളമേളങ്ങളുമായി ശിവഗിരിയിലെ 161-ാമത് ശ്രീനാരായണ ജയന്തി ഘോഷയാത്ര. ഗുരുദേവറിക്ഷക്ക് അകമ്പടിയായി പഞ്ചവാദ്യം, ബാന്‍ഡ്‌മേളം, ശിങ്കാരിമേളം, ഗുരുദേവവിഗ്രഹം വഹിക്കുന്ന രഥം, കലാരൂപങ്ങള്‍, കുംഭനൃത്തം, പൊയ്കാല്‍ മയില്‍, താമ്പോലമേളം, സ്‌നാറാ ഡ്രംസ്, തെയ്യം, കരകാട്ടം, കളരിപ്പയറ്റ്, പൂക്കാവടി, ആഫ്രിക്കന്‍ റിഥംസ്, ഗുരുദേവസന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ഫ്‌ളോട്ടുകള്‍ തുടങ്ങിയവ ഘോഷയാത്രക്ക് ചാരുതയേകി.
ഗുരുദേവ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ഫ്‌ളോട്ടുകളായിരുന്നു മറ്റൊരാകര്‍ഷണം. മദ്യത്തിനെതിരെയും ജൈവപച്ചക്കറിക്ക് അനുകൂലമായുമുള്ള സന്ദേശങ്ങളടങ്ങിയ ഫ്‌ളോട്ടുകളുണ്ടായിരുന്നു.
മഹാസമാധിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശിവഗിരിയില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വര്‍ക്കല മൈതാനം വഴി റെയില്‍വേ സ്റ്റേഷനിലെത്തി തിരികെ മൈതാനം, പുത്തന്‍ചന്ത, മരക്കടമുക്ക്, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് വഴി മഹാസമാധിയില്‍ തിരിച്ചെത്തി. ഘോഷയാത്രക്ക് വഴിയോരങ്ങളില്‍ വിവിധ ഗുരുമന്ദിരങ്ങളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണമൊരുക്കി. വര്‍ക്കല മൈതാനത്ത് വോയ്‌സ് ഓഫ് വര്‍ക്കലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കലാപരിപാടികളും ഉണ്ടായിരുന്നു. ഘോഷയാത്ര കടന്നുപോയ റോഡരികിലെ വീടുകളിലും സ്വീകരണം നല്‍കി. ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് കലാപരിപാടികളുമുണ്ടായിരുന്നു. ശിവഗിരി മഠം വക സ്ഥാപനങ്ങളിലുള്‍പ്പെടെ ദീപാലങ്കാരങ്ങളുമൊരുക്കി. ഘോഷയാത്ര തിരിച്ചെത്തിയശേഷം സമ്മാനാര്‍ഹമായ ഫ്‌ളോട്ടുകളുടെയും ദീപാലങ്കാരങ്ങളുടെയും സമ്മാനദാനവും നടന്നു.

More Citizen News - Thiruvananthapuram