ഓണത്തുമ്പീ പാടൂ, ഓണത്തിനിടയിലെ പുട്ടുകച്ചവടം

Posted on: 30 Aug 2015ഉത്രാടപ്പാച്ചിലൊക്കെ കഴിഞ്ഞ് തളര്‍ന്നിരുന്നപ്പോള്‍ ഓണാഘോഷം കണ്ട് മനംകുളിര്‍പ്പിക്കാമെന്ന് കരുതി നേരെ കനകക്കുന്നിലേക്ക് വെച്ചുപിടിച്ചു. അവിടെ നിശാഗന്ധിയില്‍ ഉത്രാടസന്ധ്യയ്ക്ക് ഗന്ധം പകര്‍ന്ന് ശ്വേതാ മോഹന്‍ എന്ന യുവഗായിക പാടുന്നു. നമ്മുടെ പ്രിയപ്പെട്ട ഗായിക സുജാതയുടെ മകള്‍. മധുരമനോഞ്ജമായ പാട്ടുകള്‍. നിറഞ്ഞ സദസ്സ്. മുറുകിയ താളത്തിലൊരു പാട്ടുപാടിയപ്പോള്‍ ശ്വേത സദസ്സിനോട് പറഞ്ഞു. കമോണ്‍, ഡാന്‍സ്! കേള്‍ക്കാത്ത താമസം യുവാക്കള്‍ എണീറ്റ് ചുവടുവയ്ക്കാന്‍ തുടങ്ങി. അന്തരീക്ഷം കൊഴുത്തു.
പെട്ടെന്നാണ് അത് സംഭവിച്ചത്. കാക്കിത്തൊപ്പിവെച്ച ഒരു അരസികന്‍ എസ്.ഐ. എവിടെനിന്നോ അമ്പുകൊണ്ട പന്നിയെപ്പോലെ പാഞ്ഞുവന്നു. ''അന്ന് ദുര്യോധനന് ജലദോഷമായിരുന്നു'' എന്ന് സിനിമയില്‍ പറഞ്ഞപോലെ ഈ ഏമാന്‍ ആകെ അസ്വസ്ഥനായിരുന്നു. എന്തോ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചതുപോലെ. ചുവടുവെച്ച പയ്യന്‍മാരെയൊക്കെ ഈ പേക്കോലം വിരട്ടിയിരുത്തി. കോളേജിന് ഉള്ളിലാണെങ്കില്‍ ഫയര്‍ എന്‍ജിനും ജെ.സി.ബി.യുമൊക്കെയായി തകര്‍ക്കുന്ന യുവാക്കള്‍ ഏമാനെ കണ്ടതോടെ വാലുചുരുട്ടി. നൃത്തം അതോടെ നിലച്ചു.
ശ്വേതയ്ക്ക് ആകെ നിരാശയായി. എന്താ ആരും അനങ്ങാത്തതെന്ന് ചോദ്യം. ''പോലീസ്, പോലീസ്'' എന്ന് സദസ്സ് വിളിച്ചുപറഞ്ഞു. അപ്പോള്‍ മറ്റ് പരിപാടികളൊക്കെ അതായത്, അക്രമങ്ങളൊക്കെ മുറയ്ക്ക് അരങ്ങേറുമ്പോള്‍ ഈ പോലീസ് എവിടെയാണെന്ന് ഗായിക നിഷ്‌കളങ്കമായി ചോദിച്ചുപോയത് സ്വാഭാവികം. പോലീസിനിട്ട് ഗായിക ഒരു കൊട്ട് കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ആഹ്ലാദമായി. സദസ്സ് കൈയടിച്ച് ആര്‍ത്തുവിളിച്ചു. അല്ലെങ്കിലും ആരെങ്കിലും ധൈര്യം കാട്ടിയാല്‍ പിന്നെ പ്രോത്സാഹിപ്പിക്കാന്‍ മലയാളിയെ കഴിഞ്ഞേയുള്ളൂ. സ്വന്തമായി ധൈര്യം കാട്ടാന്‍ ഇത്തിരി പുളിക്കുമെന്നേയുള്ളൂ. നിനച്ചാല്‍ മലയാളി പുലിയെ പിടിപ്പേന്‍. ഉയിരുപോനാലും നിനയ്ക്കമാട്ടെ.
ഏമാന്‍ കണ്ണുരുട്ടിയതോടെ പുലികളുടെയൊക്കെ വാല് മടങ്ങി. പിന്നെ ആരും പൊങ്ങിയില്ല. നിശാഗന്ധിയുടെ നാലുവശത്തും കാക്കിയിട്ട് അരസികന്‍മാര്‍ അപ്പോഴേക്കും തലപൊക്കി. മാവോവാദികളെ കണ്ടപോലെ ഉത്സാഹ ഭരിതരായി. ഗായിക 'ദമ്മാരേ ദം...' എന്ന പ്രസിദ്ധമായ ആ ഹിന്ദി ഹിപ്പിപ്പാട്ട് പാടിയിട്ട് ഹിപ്പി പോയിട്ട് ഒരു കഷണ്ടിപോലും ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഗാനമേള തീരുന്നതുവരെ സദസ്സ് പോലീസിനെ പേടിച്ച് അനങ്ങാതെയിരുന്നു. പാട്ട് കൊഴുത്തെങ്കിലും ആട്ടത്തിന്റെ ഹരമില്ലാതെ ഉത്രാടരാവ് കുതിര്‍ന്നുപോയതിന്റെ സങ്കടം ഗാനമേള തീരുമ്പോഴും ഗായികയുടെ മുഖത്തുണ്ടായിരുന്നു.
ആഘോഷത്തിലെ ഈ അടിയന്തരാവസ്ഥ കണ്ടിരുന്നപ്പോള്‍ ഇതെന്താ കേരളമല്ല, കാബൂളാണോ എന്ന് തോന്നിപ്പോയി. അവിടെ താലിബാന്‍കാരാണല്ലോ ചിരിക്കരുത്, പാടരുത്, ചാടരുത് എന്നൊക്കെ പറയുന്നത്. തലസ്ഥാനത്തെ ഇങ്ങനെ താലിബാനാക്കാന്‍ ആരാണാവോ കേരള പോലീസിന് അധികാരം നല്‍കിയത്. അല്ല, ഇവിടെ നമ്മുടെ യുവാക്കള്‍ പാട്ടുകേട്ട് രണ്ട് ചുവടുവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ പോലീസേ? അതോ ഡാന്‍സ് ചെയ്യുന്നത് കേരള പോലീസ് നിരോധിച്ചിട്ടുണ്ടോ?
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ 'പ്രേമം' ജീപ്പിടിച്ച് ഒരു പെണ്‍കുട്ടി മരിക്കാനിടയായത് നിര്‍ഭാഗ്യകരം തന്നെ. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കോളേജ് നിയന്ത്രിക്കേണ്ട അധികൃതരുടെ കഴിവുകേടും ഉത്തരവാദിത്വം കാട്ടേണ്ട വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അഹങ്കാരവുംകൊണ്ട് സംഭവിച്ചതാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ അനുഭവം ഉണ്ടായിട്ടും പാഠം പഠിക്കാത്തവരാണ് കോളേജ് അധികൃതരും പോലീസും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ എല്ലാ ആഘോഷവും കണ്ണുരുട്ടി ഇല്ലാതാക്കാനാണോ പോലീസിന്റെ ഭാവം? മഴ നൃത്തത്തിന് ഫയര്‍ എന്‍ജിന്‍ വാടകയ്ക്ക് കിട്ടിയിരുന്ന സംസ്ഥാനമാണിതെന്ന് ഓര്‍ക്കണം.
ഗാനമേള കഴിഞ്ഞ് പണിതീരാത്ത കനകക്കുന്നിന്റെ പുതിയ ലാന്‍ഡ് സ്‌കേപ്പിലൂടെ നടന്നുവരുമ്പോള്‍ അതാ കാണുന്നു പോലീസിന്റെ കണ്‍ട്രോള്‍ റൂം. ടി.വി.കളുടെ പൂരം. എല്ലായിടത്തും ഒളിച്ചും അല്ലാതെയും കളിക്കുന്ന കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കണ്ടപ്പോള്‍ ഏതോ ടി.വി. കടയിലെത്തിയപോലെ. ജി.എസ്.എല്‍.വി. ഡി- ആറിന്റെ വിക്ഷേപണം നോക്കി ഐ.എസ്.ആര്‍.ഒ. യിലെ ശാസ്ത്രജ്ഞന്‍മാര്‍ ഇരിക്കുന്ന ഗൗരവത്തോടെ ഏമാന്‍മാരെല്ലാം ടെര്‍മിനലുകളില്‍ നോക്കിയിരിക്കുന്നു. ഇനി പോലീസിന്റെ കണ്ണുവെട്ടിച്ച് ആരെങ്കിലും ചുവടുവെച്ചാലോ, കാമറനോക്കി വീട്ടിലേക്ക് നോട്ടീസ് അയച്ചുകളയും.
ഡിയര്‍ ഏമാന്‍മാരേ, എന്താണ് ഓണമെന്ന് എല്ലാവരും ആലോചിക്കുന്നത് നന്നായിരിക്കും. ഓണത്തിന് ജനം ഊഞ്ഞാലാടും. ആടുമ്പോള്‍ പാടും. പൂവിറുക്കുന്നതുപോലും പാട്ടിന്റെ അകമ്പടിയോടെ. തുമ്പിതുള്ളല്‍, കുമ്മിയടി..അങ്ങനെ മനസ്സും ശരീരവും കൊണ്ട് ആഘോഷിച്ചിരുന്ന, ആഹ്ലാദിച്ചിരുന്ന ഉത്സവമായിരുന്നു ഓണം. അത് വീട്ടിനകത്ത് ആയിരുന്നില്ല. വീട്ടിന് പുറത്ത് മണ്ണും മരങ്ങളും നിറഞ്ഞ പ്രകൃതിയിലെ സ്വാതന്ത്ര്യത്തിന്റെ ആഘോഷമായിരുന്നു അത്. പരസ്യമായ ആഘോഷമായിരുന്നു ഓണം. ആടിയും പാടിയും ഓണം ആഘോഷിക്കാനാണ് മാവേലിത്തമ്പുരാന്‍ നമ്മളെ പഠിപ്പിച്ചതും. ഇപ്പോഴോ, പാട്ടുകേട്ട് ഒന്നനങ്ങിപ്പോയാല്‍ ലാത്തി പാഞ്ഞുവരും. ആളുമരിച്ചാലും ഡെപ്പാംകുത്ത് കളിക്കുന്നവരാണ് നമ്മുടെ അയല്‍നാട്ടുകാര്‍. നമ്മളെ , ഓണത്തിനെങ്കിലും ഒന്ന് ചുവടുവെയ്ക്കാന്‍ അനുവദിക്ക്. മലയാളിപ്പിള്ളാരെ ഇങ്ങനെ പമ്മികളാക്കാതെ, പോലീസേ പായസങ്ങളും കുടിച്ച് പോയി പണിനോക്ക്!
വാല്‍ക്കഷണം: എന്തരെടേ ശിവാ, ഓണത്തിന് പാട്ടും നൃത്തവും ഒന്നിച്ച് നടത്തരുതെന്ന് ഏമാന്‍ പറയണത്.
തന്നെതന്നെ. സന്ധ്യകഴിഞ്ഞാല്‍ നൃത്തങ്ങള് പോലീസ് സ്റ്റേഷനില്‍ അല്ലേ അണ്ണാ!

More Citizen News - Thiruvananthapuram