ബി.പി.സി.എല്‍. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കിയില്ല

Posted on: 30 Aug 2015കഴക്കൂട്ടം: സമരം ഒത്തുതീര്‍പ്പായെങ്കിലും ഭാരത് പെട്രോളിയം പാചകവാതക പ്ലാന്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ബോണസ് കിട്ടിയില്ല. കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ വ്യവസ്ഥകള്‍ കരാറുകാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം കരാറുകാര്‍ ബോണസ് നല്‍കാനുള്ള പണം ഉത്രാടദിവസവും നല്‍കിയില്ല.
22,000 രൂപ വീതം ബോണസ് നല്‍കാനാണ് തീരുമാനിച്ചത്. പാചകവാതകം വിതരണം നടത്താന്‍ 11 കാരാറുകാരാണുള്ളത്. ഇവര്‍ സംയുക്തമായാണ് ബോണസ് നല്‍കേണ്ടത്. എന്നാല്‍ കുറച്ചുപേര്‍ മാത്രമാണ് ബോണസിനുള്ള തുക കൈമാറിയത്.
19 മുതല്‍ കയറ്റിറക്ക് തൊഴിലാളികള്‍ സമരത്തിലായിരുന്നു. നാല് ജില്ലകളിലേക്കുള്ള പാചക വാതക സിലണ്ടറുകള്‍ കഴക്കൂട്ടം പ്ലാന്റില്‍ നിന്നാണ് കൊണ്ടുപോകുന്നത്. 25ന് കളക്ടര്‍ വിളിച്ചു കൂട്ടിയ യോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്. തുടര്‍ന്നുള്ള രണ്ട് ദിവസം സിലണ്ടറുകള്‍ കൊണ്ടുപോയിരുന്നു.
ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. വ്യവസ്ഥകള്‍ അംഗീകരിക്കാത്ത കരാറുകാരെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram