ആവേശച്ചിറകില്‍ ചിറയിന്‍കീഴ് ജലോത്സവം

Posted on: 30 Aug 2015ചിറയിന്‍കീഴ്: കരകളെയും കാണികളെയും ആവേശം കൊള്ളിച്ച് ചിറയിന്‍കീഴ് ജലോത്സവം കൊടിയിറങ്ങി. വാമനപുരം നദി അഞ്ചുതെങ്ങ് കായലുമായി ചേരുന്ന പുളിമൂട്ടില്‍ കടവിലെ ഓളപ്പരപ്പിലായിരുന്നു ആയിരങ്ങള്‍ക്ക് ആഹ്ലൂദമേകി മത്സരവും അരങ്ങേറിയത്. ആലപ്പുഴ പുന്നമടയില്‍ നിന്നെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ തമ്മിലായിരുന്നു പ്രധാന മത്സരം. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനൊടുവില്‍ നെടുമുടി നാഷണല്‍ ന്യൂമെന്‍സ് ക്ലൂബ്ബിന്റെ നെടുമ്പറമ്പന്‍ ചുണ്ടന്‍ ചമ്പക്കുളത്തെ ചെമ്പുംപുറം ചുണ്ടനെ പിന്നിലാക്കി വിജയിയായി.
മറ്റ് വള്ളങ്ങളുടെ മത്സരത്തില്‍ കൂടുതല്‍ പോയിന്റ് നേടി സെന്റ് ജയിംസ് താഴംപള്ളി സ്‌പോര്‍ട്‌സ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടി. നീന്തല്‍ മത്സരങ്ങളും മാസ്റ്റര്‍ ഡ്രില്ലും നടന്നു.
ഓടിവള്ളം, നാടന്‍ വള്ളങ്ങളുടെ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. ശക്തമായ പോരാട്ടമാണ് ഓരോ ഇനത്തിലും നടന്നത്. മിക്ക മത്സരങ്ങളിലും തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ മാത്രമായിരുന്നു വിജയങ്ങള്‍. തുടര്‍ന്നായിരുന്നു ഉശിരന്‍ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ തമ്മിലായിരുന്നു അത്. പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു പുളിമൂട്ടില്‍ കടവില്‍ ഇപ്പോള്‍ ചുണ്ടന്‍വള്ളങ്ങള്‍ എത്തിയത്.
ആലപ്പുഴയില്‍ നിന്ന് റോഡ് മാര്‍ഗം െട്രയിലറില്‍ വടക്കേ അരയത്തുരുത്തിയില്‍ എത്തിച്ച് ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീറ്റിലിറക്കിയത്. 45 വീതം തുഴക്കാരാണ് ഓരോ വള്ളത്തിലുമുണ്ടായിരുന്നത്. പ്രദര്‍ശന മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ഫൈനല്‍.
വള്ളംകളിക്ക് മുന്നോടിയായി അമ്പലപ്പുഴ സംഘത്തിന്റെ വഞ്ചിപ്പാട്ട് അരങ്ങേറി. മത്സര ശേഷം ഫ്‌ളോട്ടുകളുടെ ജലഘോഷയാത്ര നടന്നു. സാംസ്‌കാരിക സമ്മേളനം നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ജലോത്സവ കാഴ്ചകള്‍ക്കായി ഇത്തവണ ചിറയിന്‍കീഴിലെത്തിയത്. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജലോത്സവ കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് ജലോത്സവം സംഘടിപ്പിച്ചത്.

More Citizen News - Thiruvananthapuram