ഓണം കഴിഞ്ഞിട്ടും നെയ്യാറ്റിന്‍കരയ്ക്ക് പുതിയ ബസ്സില്ല

Posted on: 30 Aug 2015അധികൃതരുടെ ഉറപ്പ് പാഴായി

നെയ്യാറ്റിന്‍കര:
ഓണക്കാലത്ത് നെയ്യാറ്റിന്‍കര !ഡിപ്പോയ്ക്ക് പുതിയ ബസ് നല്‍കുമെന്ന കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി. പുതിയ ബസ്സുകള്‍ ലഭിക്കാത്തതും നിലവിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് കാരണവും നെയ്യാറ്റിന്‍കര ഡിപ്പോയില്‍ യാത്രാക്ലേശം രൂക്ഷമായി.
ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഓണക്കാലത്ത് അഞ്ച് പുതിയ ബസ്സുകള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരുവോണം കഴിഞ്ഞിട്ടും ഒരു പുതിയ ബസ്‌പോലും നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. പകരം മറ്റ് ഡിപ്പോകളിലെ രണ്ട് ബസ് നല്‍കുകമാത്രമാണ് ചെയ്തത്.
ബസ്സുകള്‍ കുറവായത് കാരണം 106 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോള്‍ എഴുപതില്‍ താഴെ സര്‍വീസുകളെ നടത്താനാകുന്നുള്ളൂ. ദിവസവും ഇരുപതിലേറെ സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. എന്‍ജിന്‍പണി കാരണവും സ്‌പെയര്‍പാര്‍ട്‌സ് ഇല്ലാത്തതിനാലും ദിവസവും പത്തോളം ബസ്സുകള്‍ കട്ടപ്പുറത്താകുകയാണ്.
ഡിപ്പോയ്ക്ക് ആവശ്യമായ ബസ്സുകള്‍ അനുവദിച്ച് കിട്ടാനായി ജീവനക്കാരുടെ സംഘടനകള്‍ സമരവുമായി മുന്നോട്ടു വന്നിരുന്നു. ഇതിനിടയിലാണ് സംഘടനാ പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഞ്ച് പുതിയ ബസ്സും മറ്റു ഡിപ്പോകളില്‍ നിന്നും അഞ്ച് ബസ്സുകളും ഓണക്കാലത്ത് തന്നെ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞിട്ടും പുതിയ ബസ്സുകള്‍ നല്‍കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
ബസ്സുകള്‍ കുറവായത് കാരണം കളക്ഷന്‍ കൂടുതല്‍ ലഭിക്കേണ്ട പല റൂട്ടുകളിലും സര്‍വീസ് നടത്താനായിട്ടില്ല. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത് കാരണം സമാന്തര സര്‍വീസുകളാണ് ഈ റൂട്ടുകളില്‍ നേട്ടം കൊയ്തത്. ഓണം കഴിഞ്ഞിട്ടും പുതിയ ബസ്സുകള്‍ അനുവദിക്കാത്തതിനെതിരെ വീണ്ടും സമരം നടത്താനൊരുങ്ങുകയാണ് ജീവനക്കാരുടെ സംഘടന.

More Citizen News - Thiruvananthapuram