മുരുക്കുംപുഴയില്‍ പോലീസ് ജീപ്പ് തകര്‍ത്തു; എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്‌

Posted on: 28 Aug 2015മംഗലപുരം: മുരുക്കുംപുഴ മുല്ലശ്ശേരിയില്‍ സമൂഹവിരുദ്ധര്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തു. ഈ പ്രദേശത്ത് സമൂഹവിരുദ്ധരുടെ ശല്യം ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ഈ മേഖലയില്‍ നേരത്തെ സമൂഹവിരുദ്ധശല്യം നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്നു. ഗതാഗത യോഗ്യമല്ലാത്ത റോഡായിരുന്നതുകൊണ്ട് പോലീസിന് ഇവിടെയെത്താന്‍ കഴിഞ്ഞിരുന്നില്ല. മുല്ലശ്ശേരിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയതോടെ പോലീസ് കുറച്ചുനാളുകളായി ഈ പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം ഇവിടെ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം കുറച്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെ എസ്.ഐ. ഉള്‍പ്പെടെ മൂന്നംഗ പോലീസ് സംഘം പരിശോധനയ്‌ക്കെത്തുകയും സ്ഥലത്തുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം നടന്നത്. എസ്.ഐ. വിനീഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ. വിദ്യാധരന്‍, ഡ്രൈവര്‍ കിരണ്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

More Citizen News - Thiruvananthapuram