പത്ത് ഗ്രാമങ്ങളിലെ കര്‍ഷക കൂട്ടായ്മയില്‍ വിളഞ്ഞത് ഒന്നരലക്ഷം കിലോ കീടനാശിനിയില്ലാത്ത പച്ചക്കറി

Posted on: 28 Aug 2015വെഞ്ഞാറമൂട്: വാമനപുരം അസംബ്ലി മണ്ഡലത്തിലെ ഗ്രാമങ്ങള്‍ ഇക്കുറി ഓണം ആഘോഷിക്കുന്നത് നാട്ടിലെ പച്ചക്കറി കൊണ്ടാണ്. ഇവിടത്തെ പത്ത് ഗ്രാമങ്ങളിലെ കര്‍ഷക കൂട്ടായ്മകള്‍ വിളയിച്ചത് ഒന്നരലക്ഷത്തിലധികം കിലോ കീടനാശിനി തളിക്കാത്ത നാടന്‍ പച്ചക്കറികളായിരുന്നു.
വാമനപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ കീഴിലെ വാമനപുരം ബ്ലോക്ക് ഫെഡറേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് നാടന്‍ പച്ചക്കറി വിപ്ലവത്തിനു തുടക്കമിട്ടത്.
മാണിക്കല്‍, നെല്ലനാട് , പുല്ലമ്പാറ, വാമനപുരം, നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ പത്ത് ഗ്രാമങ്ങളിലെ അഞ്ഞൂറോളം കര്‍ഷകരുടെ വിയര്‍പ്പാണ് നാടിന്റെ പഴയകാല ഓണസമൃദ്ധി മടക്കിക്കൊണ്ടുവന്നത്.
ഓരോ ഗ്രാമീണ ക്ലസ്റ്ററിനെയും 45 കര്‍ഷകര്‍ വീതമുള്ള ചെറുസംഘങ്ങളായി തിരിച്ചാണ് കൃഷി നടത്തിയത്. സദ്യവട്ടങ്ങള്‍ക്കാവശ്യമായ പടവലം, വെള്ളരി, ഇഞ്ചി, കറിനാരങ്ങ, ചീര, പയര്‍, വിവിധയിനം മുളക്, ചേന, കാച്ചില്‍, വഴുതന....ഇങ്ങനെ ഇരുപത്തിയഞ്ചിലധികം വിളകളാണ് കൃഷിയിറിക്കിയത്.
ഗ്രാമങ്ങളില്‍ കൃഷിയിറക്കാന്‍ ആവശ്യമായ തൈകളും വിത്തുകളും ബ്ലോക്ക് ഫെഡറേഷന്‍സമിതിയുടെ നെല്ലനാട്ടുള്ള യൂണിറ്റില്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിളവുമുണ്ടായി.
കൃഷി വകുപ്പ് തന്നെ വിവിധ ധനസാഹായങ്ങളും കര്‍ഷക സംഘങ്ങള്‍ക്ക് നല്‍കിയിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ കീഴായിക്കോണത്തെ സംഭരണശാലയില്‍ ന്യായവിലയ്ക്ക് വാങ്ങുകയും ചെയ്തു. കര്‍ഷകര്‍ കൊണ്ടുവരുന്ന ഓരോ കിലോ പച്ചക്കറിക്കും ഒരു രൂപ വെച്ച് വാഹനച്ചെലവും നല്‍കുകയും ചെയ്തു.
വാമനപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്യാംരാജ്, കര്‍ഷക ഫെഡറേഷന്‍ സമിതി പ്രസിഡന്റ് മാണിക്കല്‍ ചന്ദ്രന്‍, ട്രഷറര്‍ രതീഷ് പുല്ലമ്പാറ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ കൃഷി സ്ഥലവും എല്ലാ ആഴ്ചയും മോണിറ്ററിങ് നടത്തുകയും കര്‍ഷകര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കര്‍ഷകര്‍ക്ക് ബോണസ്, വിളകള്‍ക്ക് ബോണസ് എന്നിവയും കൃഷിവകുപ്പ് നല്‍കിയിരുന്നു.
ഇവിടെയുള്ള ഗ്രാമങ്ങള്‍ക്ക് പുറമേ ഹോര്‍ട്ടി കോര്‍പ്പ്, സഹകരണ സംഘങ്ങള്‍, കൊല്ലം, എറണാകുളം, ആലപ്പുഴ എന്നീ പട്ടണങ്ങളിലേക്കും വരെ ഇവിടെ നിന്ന് നാടന്‍പച്ചക്കറികള്‍ കയറ്റിക്കൊണ്ടുപോകുകയാണ്. അടുത്ത വര്‍ഷം രണ്ടു ലക്ഷം കിലോ നാടന്‍ പച്ചക്കറി വാമനപുരത്തെ ഗ്രാമങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് മാണിക്കല്‍ ചന്ദ്രന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram