ആഘോഷത്തില്‍ മുങ്ങി ജനസാഗരം

Posted on: 28 Aug 2015

തിരുവനന്തപുരം:
ഓണം വാരാഘോഷത്തിന്റെ മൂന്നാംദിനമായ ഉത്രാടനാള്‍ സദസ്സിനെ കൈയിലെടുത്തത് ശ്വേതാ മോഹനും ബെന്നറ്റും സംഘവും ഒരുക്കിയ സംഗീതനിശ. നഗരവീഥികള്‍ കലാവിരുന്നുകളും വൈദ്യുതിദീപാലങ്കാരവും ആസ്വദിക്കാനെത്തുന്ന ജനങ്ങളാല്‍ നിറഞ്ഞു. കനകക്കുന്ന് കവാടത്തില്‍ പഞ്ചവാദ്യം ഉണ്ടായിരുന്നു. നീതു വിക്രമിന്റെ ശാസ്ത്രീയ സംഗീതത്തോടെയാണ് ശംഖുംമുഖത്തെ കലാപരിപാടികള്‍ തുടങ്ങിയത്. നാടന്‍കലാവേദികളായ തിരുവരങ്ങില്‍ അശോക്കുമാറിന്റെ അഷ്ടപതിയും സുശീലയുടെ കാക്കാരശ്ശി നാടകവുമായിരുന്നു ആകര്‍ഷണങ്ങള്‍. ഗാന്ധി പാര്‍ക്കിലെ കഥാപ്രസംഗവേദിയില്‍ കഥ പറയാനെത്തിയത് എ.ആര്‍.ചന്ദ്രനും കിളിയൂര്‍ സദനുമായിരുന്നു.

വി.ജെ.ടി. ഹാളില്‍ ശ്രീനന്ദനാ തിയേറ്റേഴ്‌സിന്റെ 'കണ്ണാടിക്കാഴ്ചകള്‍' ആയിരുന്നു നാടകം. എന്‍ജിനിയേഴ്‌സ് ഹാളില്‍ കനല്‍ സാംസ്‌കാരിക വേദിയുടെ 'ഹത്യ' എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഭവിതാ നായരും നിമിഷ നാരായണനും കൃഷ്ണാ സുരേഷും ഭരതനാട്യച്ചുവടുകളുമായെത്തി. പൂജപ്പുര മൈതാനത്തില്‍ ഉണ്ണി മേനോന്റെ ഗാനമേള പ്രേക്ഷകരെ ആകര്‍ഷിച്ചു. പബ്ലൂക് ഓഫീസ് കോമ്പൗണ്ടില്‍ തേക്കടി രാജന്റെ സൗപര്‍ണികാമൃതത്തിന്റെ ഗാനമേളയായിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഓണസന്ധ്യ മെഗാ ഷോ സ്​പീക്കര്‍ എന്‍.ശക്തന്‍ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ ചന്ദ്രിക തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. ചലച്ചിത്ര സംവിധായകനും ഗായകനുമായ നാദിര്‍ഷായുടെ നേതൃത്വത്തില്‍ നിരവധി ഗായകരാണ് മെഗാ ഷോയില്‍ പാടിയത്.

More Citizen News - Thiruvananthapuram