ചതയദിനാഘോഷം

Posted on: 28 Aug 2015വര്‍ക്കല: നാടും നഗരവും ഇളക്കിയുള്ള ഉത്രാടപ്പാച്ചില്‍ കഴിഞ്ഞു. ഐശ്വര്യത്തിന്റെ പൊന്നിന്‍ തിരുവോണത്തെ വരവേല്ക്കാന്‍ ഏവരും ഒരുങ്ങി. ഉത്രാടദിവസം വര്‍ക്കലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ തന്നെ വ്യാപാരസ്ഥാപനങ്ങളില്‍ തിരക്കായി. ഓണക്കോടിയെടുക്കാനും ഓണസാധനങ്ങള്‍ വാങ്ങാനും അവസാനവട്ട ഒരുക്കങ്ങള്‍ക്കുമായി ജനം വിപണിയിലേക്കൊഴുകി.
പച്ചക്കറിക്കടകളിലും പൂക്കടകളിലുമാണ് ഏറെ തിരക്കനുഭവപ്പെട്ടത്. തുണിക്കടകളില്‍ രാത്രി വൈകി വരെ കച്ചവടം നടന്നു. ഉത്രാടദിനത്തില്‍ ബോണസ് ലഭിച്ച തൊഴിലാളികളാണ് വൈകി സാധനങ്ങള്‍ വാങ്ങാനെത്തിയത്. വാഹനങ്ങള്‍ ടൗണില്‍ നിരന്നതോടെ ഗതാഗതതടസ്സം അനുഭവപ്പെട്ടു. പ്രധാന പോയിന്റുകളില്‍ പോലീസിനെ വിന്യസിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ഓണാഘോഷം നടന്നുവരുന്നു. വര്‍ക്കലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും വര്‍ക്കല പൗരാവലിയുടെയും നേതൃത്വത്തിലുള്ള ഓണാഘോഷം 28, 29 തീയതികളില്‍ വര്‍ക്കല മൈതാനത്ത് നടക്കും. തിരുവോണ ദിവസം രാവിലെ 7 മുതല്‍ അത്തപ്പൂക്കളമത്സരവും വൈകീട്ട് 6.30ന് കോമഡിഷോയുമുണ്ട്. 29ന് 2 മുതല്‍ വടംവലിമത്സരം, വൈകീട്ട് 6ന് സാംസ്‌കാരികസമ്മേളനവും സമ്മാനദാനവും, 7ന് ഗാനമേള. ബാങ്കുകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ ദീപാലങ്കാരമൊരുക്കിയിട്ടുണ്ട്.
അയന്തി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം 28ന് അയന്തി ഗുരുമന്ദിരത്തിന് സമീപം നടക്കും. രാവിലെ 9 മുതല്‍ അക്കപ്പൂക്കളമത്സരം, കലാകായികമത്സരം. ചെറുന്നിയൂര്‍ റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷം 30 വരെ നടക്കും. 29ന് 9 മുതല്‍ കായികമത്സരങ്ങള്‍, 3ന് കലാമത്സരങ്ങള്‍, രാത്രി 8ന് കലാപരിപാടികള്‍. 30ന് 10 മുതല്‍ ക്വിസ് മത്സരം, 3ന് വടംവലി. 5ന് സാംസ്‌കാരികസമ്മേളനം കവി പ്രൊഫ. വി.മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നാടകം-പ്രണയസാഗരം.വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലും ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

വര്‍ക്കല:
ഗുരുദേവജയന്തി ദിനമായ 30ന് രാവിലെ 6 മുതല്‍ 6.30 വരെ ഗുരുമന്ദിരങ്ങളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ഗുരുദേവപ്രതിമകള്‍ക്കോ ചിത്രത്തിനോ മുന്നില്‍ ഭദ്രദീപം തെളിക്കണമെന്ന് ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. ശിവഗിരി മഹാസമാധിയില്‍ ഈ സമയം പ്രത്യേക പൂജയുണ്ടാകും.

വര്‍ക്കല:
എസ്.എന്‍.കോളേജ് ജങ്ഷന്‍ പൗരസമിതിയുടെ ചതയദിനാഘോഷം 30ന് നടക്കും. വൈകീട്ട് 6.30ന് ശിവഗിരി എച്ച്.എസ്.എസ്സില്‍നിന്ന് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്വാമി അമേയാനന്ദ നിര്‍വഹിക്കും. രാത്രി 7ന് നാടകം-'അച്ഛനാണെന്റെ ആത്മമിത്രം', 8ന് ഗുരുദേവജയന്തി ഘോഷയാത്രയ്ക്ക് സ്വീകരണം.

More Citizen News - Thiruvananthapuram