നാടെങ്ങും തിരുവോണത്തെ വരവേറ്റ് ആഘോഷം

Posted on: 28 Aug 2015നെയ്യാറ്റിന്‍കര: ഉത്രാടപ്പാച്ചില്‍ കഴിഞ്ഞതോടെ നാടെങ്ങും തിരുവോണത്തെ വരവേറ്റുകൊണ്ടുള്ള ആഘോഷങ്ങള്‍ തുടങ്ങി. ഉത്രാടപ്പാച്ചിലില്‍ പ്രധാന കവലകളെല്ലാം ഗതാഗത കുരുക്കിലായി.
ഗ്രാമപ്രദേശങ്ങളില്‍ ക്ലബ്ബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ നടത്തിയത്. നാടന്‍ പന്തുകളി മുതല്‍ കലാ, കായിക പരിപാടികള്‍ വരെ ആഘോഷങ്ങളില്‍ ഇടംപിടിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മത്സരങ്ങളും നടത്തി.
ആലുംമൂട് പൗരാവലിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഉണ്ണിക്കണ്ണന് ഉത്രാടദിനത്തില്‍ ഓണക്കാഴ്ചയൊരുക്കി. വേട്ടക്കളം നാഗരാജ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായിട്ടാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി തിരുവോണക്കാഴ്ച നല്‍കിയത്. നേന്ത്രക്കുല, അരി, അവില്‍, പച്ചക്കറി, നെയ്യ് തുടങ്ങിയവ കാഴ്ചദ്രവ്യങ്ങളായി നല്‍കി.
നെയ്യാറ്റിന്‍കര ബാറിലെ ജൂനിയര്‍ അഭിഭാഷകരുടെ കൂട്ടായ്മയായ ജോക്കോയുടെ നേതൃത്വത്തില്‍ വഴതൂര്‍ കാരുണ്യ മിഷന്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഓണമാഘോഷിച്ചു. ആഘോഷപരിപാടികള്‍ നഗരസഭ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.എസ്. ഷീല അധ്യക്ഷയായി. നവീനവില്‍പ്പാട്ട് കലാകാരനും അഭിഭാഷകനുമായ തലയല്‍ കേശവന്‍നായരുടെ സ്മരണാര്‍ത്ഥമാണ് കാരുണ്യമിഷന്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തിയത്. കാരുണ്യമിഷന്‍ ചെയര്‍പേഴ്‌സണ്‍ അനിത, രാധാരമണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. സ്വാമി മഹേശ്വരാനന്ദ സരസ്വതി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടിയും ഗുരുദക്ഷിണയും പരിപാടി നടത്തി. മുന്‍കാല നേതാവായിരുന്ന മനോന്‍മണിയെ കൗണ്‍സിലര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഇളവനിക്കര സാം, ബാബുരാജ്, ചായ്‌ക്കോട്ടുകോണം സുകുമാരന്‍നായര്‍, ഗ്രാമം പ്രവീണ്‍, അനൂപ് എസ്. നായര്‍, മുട്ടയ്ക്കാട് ജോയി, വി.വി. വിജിന്‍ എന്നിവര്‍ പങ്കെടുത്തു.
ഇരുമ്പില്‍ നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ സാംസ്‌കാരിക സമ്മേളനം നടത്തും. ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ജീവനക്കാര്‍ അത്തപ്പൂക്കളമിട്ടു.
കൊല്ലയില്‍ ദേവേശ്വരം ദേവി കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോണസും ഓണക്കിറ്റും പ്രസിഡന്റ് എല്‍. സതികുമാരി വിതരണം ചെയ്തു. ആര്‍.എസ്. വിനോദിനി അധ്യക്ഷയായി. എസ്. ഉഷാകുമാരി, രാജേശ്വരി, ശ്രീകല, രമാ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ദേവേശ്വരം എന്‍.എസ്.എസ്. കരയോഗത്തിലെ ശ്രീഭദ്ര സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ക്ക് ബോണസും ഓണക്കിറ്റും പി. മോഹന്‍കുമാര്‍ വിതരണം ചെയ്തു. എല്‍. സതികുമാരി അധ്യക്ഷയായി. എസ്. ദീപകുമാരി, എസ്.വി. വിജയലക്ഷ്മി, വിനോദിനി, ശ്രീകുമാരി അമ്മ, രമാദേവി എന്നിവര്‍ പങ്കെടുത്തു.
നെല്ലിമൂട് വനിതാ സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം നെല്ലിമൂട് പ്രഭാകരന്‍ നിര്‍വഹിച്ചു. ജമീലാ പ്രകാശം എം.എല്‍.എ, വി. സുധാകരന്‍, എന്‍. ശാന്തകുമാരി, എ. ലളിത, ആര്‍. ലീല, സി. വസന്തകുമാരി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram