ബി.എസ്.എന്‍.എല്‍. കാഷ്വല്‍ ജീവനക്കാര്‍ ഓണത്തിന് പട്ടിണിയില്‍

Posted on: 28 Aug 2015തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. കാഷ്വല്‍ വര്‍ക്കര്‍മാരായി ജോലിചെയ്യുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല. ഒരുവിഭാഗം ജീവനക്കാര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരം നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുക്കാതിരുന്ന ഐ.എന്‍.ടി.യു.സി.യില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് ഓണക്കാലത്ത് മാനേജ്‌മെന്റ് ശമ്പളം നിഷേധിച്ചിരുന്നത്.
ബി.എസ്.എന്‍.എല്‍. കരാര്‍വത്കരണം പാടില്ലെന്നും നിലവില്‍ ബി.എസ്.എന്‍.എല്‍. നേരിട്ട് ജോലി ചെയ്യിക്കുന്ന സ്ഥിതി തുടരണമെന്നും ആവശ്യപ്പെടുകയാണ് ഐ.എന്‍.ടി.യു.സി. ഇതിന് അനുകൂലമായ കോടതിവിധി ഉണ്ടാകുകയും മാനേജ്‌മെന്റ് തൊഴിലാളികളെ കരാര്‍വത്കരണത്തിന് ഒപ്പുവയ്ക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. വര്‍ഷങ്ങളായി ബി.എസ്.എന്‍.എല്‍. കീഴില്‍ ജോലി ചെയ്യുന്നവരെ ഓണക്കാലത്ത് ശമ്പളം കൊടുക്കാതെ പട്ടിണിക്കിടുന്നതില്‍ ബി.എസ്.എന്‍.എല്‍. കാഷ്വല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) പ്രതിഷേധിച്ചു.
അടിയന്തരമായി ശമ്പളവിതരണം ചെയ്തില്ലെങ്കില്‍ ബി.എസ്.എന്‍.എല്‍. ഓഫീസ് പടിക്കല്‍ പട്ടിണി സമരം ആരംഭിക്കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ എ.വി.രമേശ്, പ്രവീണ്‍, ജസ്റ്റിന്‍ അനീഷ്, അനില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram