ഓണത്തിരക്കില്‍ തോവാള

Posted on: 28 Aug 2015നാഗര്‍കോവില്‍: തോവാള പൂ മാര്‍ക്കറ്റില്‍ ഓണത്തിരക്ക്. ബുധനാഴ്ച രാത്രി 7 മുതല്‍ പൂ വില്പന തുടങ്ങി. രാത്രി മുഴുവനും പൂവിന് കേരളത്തില്‍നിന്ന് ആവശ്യക്കാര്‍ എത്തിക്കൊണ്ടിരുന്നു. ഓണം പ്രമാണിച്ച് പൂ മാര്‍ക്കറ്റിലേക്ക് തലേദിവസം രാത്രിമുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് പൂക്കളും എത്തി. ഒറ്റദിവസം കൊണ്ട് 100 ടണ്‍ പൂ ഓണവില്പന നടത്തിയതായി വ്യാപാരികള്‍ പറയുന്നു.
ഹൊസൂരില്‍ നിന്ന് മഞ്ഞ ജമന്തിയും സത്യമംഗലത്തുനിന്ന് ചുവപ്പ് ജമന്തിയും മൈസൂരില്‍ നിന്ന് റോസാപൂക്കളും നിലകോട്ടയില്‍ നിന്ന് ജമന്തി, വാടാമല്ലി പൂക്കളും പതിവിന് കൂടുതലായി മാര്‍ക്കറ്റിലെത്തി. സേലത്ത് നിന്ന് അരളിപ്പൂക്കളും അധിക അളവില്‍ മാര്‍ക്കറ്റില്‍ എത്തി. പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയായതിനാല്‍ പൂവിന്റെ വിലകളും ഉയര്‍ന്നിരുന്നു.
ഹൊസൂരില്‍ നിന്ന് എത്തിച്ച മേരിഗോള്‍ഡ്, വേനീസ് ഉള്‍പ്പെടെ വര്‍ണാഭമായ വില ഉയര്‍ന്ന പൂക്കള്‍ക്കും ആവശ്യക്കാര്‍ ഉണ്ടായിരുന്നു. തോവാള ജമന്തി 60 രൂപയ്ക്ക് വിറ്റപ്പോള്‍ മഞ്ഞ ജമന്തി 300 രൂപയ്ക്കാണ് വില്പന നടത്തിയത്. അരളി 250 രൂപയ്ക്ക് വിറ്റു. കേരളത്തില്‍നിന്ന് എത്തിയ വ്യാപാരികളും കൂടുതല്‍ വില നല്‍കിയാണ് പൂക്കള്‍ വാങ്ങിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഓണവില്പന നടത്താന്‍ പറ്റിയ സന്തോഷത്തിലാണ് തോവാളയിലെ വ്യാപാരികള്‍.

More Citizen News - Thiruvananthapuram