താളസാഗരമൊരുക്കി ശിവമണിയും കരുണാമൂര്‍ത്തിയും

Posted on: 27 Aug 2015


56

തിരുവനന്തപുരം:
ഓണം വാരാഘോഷത്തിന്റെ രണ്ടാംദിനത്തില്‍ ആസ്വാദകരെ ഇളക്കിമറിച്ച് ശിവമണി-കരുണാമൂര്‍ത്തി ദ്വയത്തിന്റെ താളവിസ്മയം.
താളമാന്ത്രികരായ കരുണാമൂര്‍ത്തിയും ശിവമണിയും ഒരുക്കിയ ലയവിന്യാസം പ്രതിഭാവിലാസത്താല്‍ അവിസ്മരണീയ അനുഭവമായി.
ദ്രാവിഡവാദ്യമായ തകിലില്‍ കരുണാമൂര്‍ത്തിയുടെ മാന്ത്രികവിരലുകള്‍ ഭാരതീയ താളങ്ങളുടെ സൂക്ഷ്മ സ്വരഭേദങ്ങള്‍ സൃഷ്ടിച്ചു. കീബോര്‍ഡില്‍ പ്രകാശ് ഉള്ളേരിയും വയലിനില്‍ എസ്.പി. ബിജുവും ശബരീഷും ലയവിന്യാസം നടത്തി.
കീര്‍ത്തനത്തോടെയാണ് വിരുന്ന് ആരംഭിച്ചത്. തുടര്‍ന്ന് ഫ്യൂഷന്‍ സംഗീതമഴയിലേക്ക് കടക്കുകയായിരുന്നു. തഞ്ചാവൂര്‍ തപ്പാട്ടം എന്നറിയപ്പെടുന്ന ഫ്യൂഷനാണ് ശിവമണിയും സംഘവും വേദിയിലെത്തിച്ചത്. തപ്പി എന്ന വാദ്യോപകരണം ഉപയോഗിച്ചുള്ള 15 ഓളം തമിഴ്ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ 'സംഗമം' എന്ന ചിത്രത്തിനുവേണ്ടിയൊരുക്കിയ 'മഴത്തുള്ളി മഴത്തുള്ളി' എന്ന ഗാനം വന്‍ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
അനന്തപുരിയിലെ സംഗീതപ്രേമികള്‍ക്ക് ഓണസമ്മാനമായാണ് സംഗീതവിരുന്ന് സമര്‍പ്പിക്കുന്നതെന്ന് കരുണാമൂര്‍ത്തിയും ശിവമണിയും പറഞ്ഞു. പൂക്കളങ്ങളുടെ നിറക്കൂട്ടൊരുക്കുന്ന ഓണത്തിന് സംഗീതത്തിന്റെ കൂട്ടുമായാണ് തങ്ങളെത്തിയതെന്നും അവര്‍ പറഞ്ഞു.
വി.ജെ.ടി. ഹാളില്‍ കവിയരങ്ങ് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫ. വി. മധുസൂദനന്‍നായര്‍, റഫീക്ക് അഹമ്മദ് എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുത്തു.
തീര്‍ത്ഥപാദമണ്ഡപത്തില്‍ കണ്ണമ്മൂല അക്ഷരശ്ലോക സമിതിയുടെ നേതൃത്വത്തില്‍ അക്ഷരശ്ലോക സദസ്സ് നടന്നു. 14 പേരടങ്ങിയ സംഘമാണ് സദസ്സില്‍ പങ്കെടുത്തത്.
ശാസ്ത്രീയ സംഗീതവേദിയായ സംഗീതികയില്‍ ശരണ്യ ബി. മുഗളിന്റെ വീണക്കച്ചേരിയും കോട്ടയ്ക്കല്‍ രഞ്ജിത്ത് വാര്യരുടെയും ഡോ. സദനം ഹരികുമാറിന്റെയും കച്ചേരി അരങ്ങേറി. ഭാരത്ഭവനില്‍ കലയപുരം രാധാകൃഷ്ണപോറ്റിയുടെ നേതൃത്വത്തില്‍ കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ കൊല്ലം കാര്‍ത്തിക് കഥാപ്രസംഗവും അവതരിപ്പിച്ചു.

More Citizen News - Thiruvananthapuram