വെഞ്ഞാറമൂട്ടില്‍ ട്രാഫിക് നിയന്ത്രണം ഫലം കണ്ടു; ഗതാഗതക്കുരുക്കിന് ആശ്വാസം

Posted on: 27 Aug 2015വെഞ്ഞാറമൂട്: കവലയില്‍ വെഞ്ഞാറമൂട് പോലീസ് നടത്തിയ ഓണക്കാല ട്രാഫിക് നിയന്ത്രണം ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കവലയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ടാക്കാന്‍ ട്രാഫിക് പരിഷ്‌കാരം കൊണ്ട് കഴിഞ്ഞു.
വെഞ്ഞാറമൂട് സി.ഐ. ജയചന്ദ്രന്‍, എസ്.ഐ. റിയാസ് രാജ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണക്കാല ട്രാഫിക് നിയന്ത്രണമാണ് ആദ്യമായി ഫലം കണ്ടത്. ഓണത്തിന് ഒരാഴ്ചമുമ്പ് തന്നെ കവലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും നിയന്ത്രണം ബാധകമാക്കി.
ക്യാമ്പില്‍ നിന്ന് പത്തു പോലീസുകാരെ അധിക ഡ്യൂട്ടിക്ക് നിയോഗിച്ചു. കൂടാതെ സ്റ്റേഷനിലെ വലിയൊരു വിഭാഗം പോലീസുകാരെ മറ്റു ജോലികളില്‍ നിന്ന് ഒഴിവാക്കി ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചു. പോലീസുകാരെ ഷിഫ്റ്റാക്കിയാണ് ഗതാഗത നിയന്ത്രണ ചുമതല നല്‍കിയത്.
കവലയില്‍ ഗതാഗത നിയന്ത്രണം നടത്തുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരി യൂണിയന്‍ നേതാക്കള്‍ ആക്ഷേപം പറഞ്ഞതുകൊണ്ട് കടകളില്‍ സാധനംവാങ്ങാന്‍ വരുന്നവര്‍ക്കായി രണ്ടുദിവസം മുമ്പുമുതല്‍ രണ്ടു മൂന്നു സ്ഥലങ്ങളിലായി പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങളും പഞ്ചായത്ത് അനുവദിച്ചു നല്‍കിയിരുന്നു.
ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും എടുത്തിരുന്നു.
അനധികൃതമായ പാര്‍ക്കിങ്ങിന് നിയന്ത്രണം വരുത്തിയപ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാനും കഴിഞ്ഞു.

More Citizen News - Thiruvananthapuram