സജിയുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: 27 Aug 2015വര്‍ക്കല: വട്ടപ്ലാംമൂട് കോളനിയില്‍ നടന്ന കൊലപാതകത്തിന് കാരണമായത് തുടര്‍ച്ചയായി അരങ്ങേറിയ സംഘര്‍ഷങ്ങള്‍. കോളനികളില്‍ ആധിപത്യമുറപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ശ്രമത്തില്‍ പൊലിഞ്ഞത് യുവാവിന്റെ ജീവന്‍. സംഘര്‍ഷങ്ങള്‍ നിത്യസംഭവമായ കോളനിയില്‍ അത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനോ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനോ പോലീസിന് കഴിയാതിരുന്നത് അക്രമങ്ങള്‍ ആവര്‍ത്തിച്ച് കൊലപാതകത്തിലെത്താന്‍ കാരണമായി. അടുത്തകാലത്തായി സി.പി.എം-ബി.എസ്.പി സംഘര്‍ഷം കോളനിയില്‍ വര്‍ധിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബി.എസ്.പി പ്രവര്‍ത്തകനായ സജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ഓരോ പ്രശ്‌നങ്ങളിലും പാര്‍ട്ടി ഇടപെട്ടതോടെ കോളനിക്കുള്ളിലെ ജീവിതം സംഘര്‍ഷഭരിതമായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബന്ധുക്കള്‍ തമ്മിലും അയല്‍ക്കാര്‍ തമ്മിലുമുള്ള തര്‍ക്കങ്ങള്‍ വരെ അക്രമത്തിലാണ് അവസാനിക്കുന്നത്. നിസ്സാരപ്രശ്‌നങ്ങള്‍ പോലും പാര്‍ട്ടികള്‍ ഏറ്റെടുത്ത് സംഘര്‍ഷത്തിലെത്തിക്കുന്നു. ഇവര്‍ക്ക് സഹായത്തിനായി ക്രിമിനല്‍സംഘങ്ങളും കോളനിയിലെത്തും. സംഘര്‍ഷമുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി സ്ത്രീകളും ഇരുഭാഗത്തുമായി അണിനിരക്കും. മദ്യവും മയക്കുമരുന്നുമെല്ലാം കോളനിയിലെ സംഘര്‍ഷത്തിന് വീര്യം പകര്‍ന്നു.
വട്ടപ്ലാംമൂട് കോളനിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പേരിലും അല്ലാതെയും ഇരുവിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷമുണ്ടാകാറുണ്ട്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മുമ്പ് സംഘര്‍ഷത്തിലെത്തിയത്. ഇതേത്തുടര്‍ന്ന് പോലീസ് കൊടിമരങ്ങള്‍ നീക്കി. മാസങ്ങള്‍ക്ക് മുമ്പ് വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. സി.പി.എം-ബി.എസ്.പി.പ്രവര്‍ത്തകരാണ് ഇരുഭാഗത്തുമായി ഏറ്റുമുട്ടിയത്. സംഘര്‍ഷമുണ്ടാകുമ്പോള്‍ കോളനിയില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും പോലീസിനെ പിന്‍വലിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുകയുമാണ് പതിവ്.
കോളനിയോട് ചേര്‍ന്നുള്ള ശ്രീനിവാസപുരം ഏലായില്‍ ക്രിമിനല്‍ കേസ് പ്രതികളുള്‍പ്പെടെ തമ്പടിക്കുന്നത് സമാധാനാന്തരീക്ഷത്തിന് എന്നും ഭീഷണിയായിരുന്നു. മദ്യക്കച്ചവടവും കഞ്ചാവ് വില്‍പ്പനയും ഇവിടെ പരസ്യമായാണ് നടക്കുന്നത്. ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളില്‍ അവസാനിക്കുന്നിന് പിന്നില്‍ ലഹരിയുടെ സാന്നിധ്യമാണ്. മറ്റ് കോളനികളില്‍ നിന്നുള്ളവരും അക്രമങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെയെത്താറുണ്ട്. അക്രമം നടത്തിയശേഷം ഇവര്‍ രക്ഷപ്പെടും. നിരവധി കേസുകളില്‍ പ്രതിയായവരുടെ ഒളിത്താവളവും ഇവിടെയാണ്. വയലിലിരുന്ന് ലഹരി നുണയുകയും പിന്നീട് കോളനിയിലെത്തി പ്രശ്‌നങ്ങളില്‍ ഇടപെടുകയുമാണ് പതിവ്. വയലിലെത്തി അക്രമികളെ പിടികൂടാന്‍ എളുപ്പമല്ല. അതിനാല്‍ പോലീസ് അതിന് ശ്രമിക്കാറുമില്ല. നിരന്തരമുണ്ടാകുന്ന സംഘര്‍ഷങ്ങളും കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകവും പാവപ്പെട്ടവര്‍ താമസിക്കുന്ന പട്ടികജാതി കോളനിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

വര്‍ക്കല:
കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ച ബി.എസ്.പി പ്രവര്‍ത്തകന്‍ സജിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെയാണ് കോളനിയിലെത്തിച്ചത്. സംഘര്‍ഷസാധ്യതയെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ 150ഓളം പോലീസുകാരെ കോളനിയില്‍ വിന്യസിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും കോളനിയിലെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. പ്രധാനപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram