അലക്കുതൊഴിലാളിക്കും ബാര്‍ബര്‍ക്കും ആദരവര്‍പ്പിച്ച് പ്രതിഭാസംഗമം

Posted on: 27 Aug 2015ആറ്റിങ്ങല്‍: അലക്കുതൊഴിലാളിക്കും ബാര്‍ബര്‍ക്കും പ്രതിഭാപുരസ്‌കാരങ്ങള്‍ സമ്മാനിച്ച് അവനവഞ്ചേരി മുരളി സ്മാരക റഫറന്‍സ് ഗ്രന്ഥശാലയുടെ പ്രതിഭാസംഗമം. ജീവിതത്തിന്റെ സമസ്തമേഖലയിലും പ്രതിഭകളുണ്ടെന്ന് പുത്തന്‍തലമുറയെ ബോധ്യപ്പെടുത്താനുള്ള വേദികൂടിയായി ഈ സംഗമം. പാല്‍ക്കാരിയമ്മയെയും ഓലകെട്ടാശാനെയും ആദരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രതിഭാസംഗമം സംഘടിപ്പിച്ചത്.
ജീവിതത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിച്ച് തങ്ങളുടെ കഴിവ് കാലത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത എട്ടുപേരാണ് ചടങ്ങില്‍ ആദരിക്കപ്പെട്ടത്. 70-ാം വയസ്സിലും അവനവഞ്ചേരിയില്‍ ബാര്‍ബര്‍തൊഴിലാളിയായി പണിയെടുക്കുന്ന ഊരുപൊയ്ക സ്വദേശി എം.ശ്രീധരന്‍, 55 വര്‍ഷമായി അലക്കുജോലി ചെയ്യുന്ന ഐക്കരവിളാകത്ത് വി.വാസു, അവനവഞ്ചേരി ഗവ. എച്ച്.എസ്സിനെ എസ്.എസ്.എല്‍.സി.ക്ക് നൂറുശതമാനം വിജയം നേടുന്നതിന് ചുക്കാന്‍ പിടിച്ച പ്രഥമാദ്ധ്യാപിക ഗീതാപത്മം, കഥകളികലാകാരന്‍ ആറ്റിങ്ങല്‍ പീതാംബരന്‍, കായിക പരിശീലകന്‍ ജി.വിദ്യാധരന്‍പിളള, അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആര്‍.എം.സീനത്ത്, ബി.കോം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സി.എസ്.ശ്യാമ, മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ എന്‍.റാസി എന്നിവരാണ് ആദരിക്കപ്പെട്ടത്.
സമ്മേളനം ഡോ. പി.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. എം.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്.ഭാസിരാജ്, കെ.രാജേന്ദ്രന്‍, കൊച്ചുകൃഷ്ണക്കുറുപ്പ്, കെ.പി.രാജഗോപാലന്‍പോറ്റി, ജി.വിശ്വംഭരന്‍, കെ.വിക്രമക്കുറുപ്പ്, സി.രാമകൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram