ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം സജ്ജമായി

Posted on: 27 Aug 2015


പ്രദീപ് ചിറയ്ക്കല്‍തിരുവനന്തപുരം : ഏത് പ്രതികൂല കാലാവസ്ഥയിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വിമാനങ്ങള്‍ക്ക് ഇറങ്ങാം. ഇവിടെ പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ 'കാലിബറേറ്റിങ് വിമാന'മെത്തി. ബുധനാഴ്ച ഉച്ചയോടെയെത്തിയ വിമാനം വൈകീട്ട് ആറ് വരെ നിരവധി തവണ പറന്ന് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തി. വ്യാഴാഴ്ച ഉച്ചയോടെ പരിശോധന പൂര്‍ത്തിയാകുമെന്ന് വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി.തരകന്‍ പറഞ്ഞു
.
വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐ.എല്‍.എസിന് ചെറിയ സാങ്കേതിക തകരാറ് കാരണം മൂടല്‍മഞ്ഞുള്ള സമയത്ത് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പ്രയാസമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ദോഹയില്‍ നിന്നെത്തി കൊച്ചിയിലിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടായ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിന് തിരുവനന്തപുരത്തും കനത്ത മൂടല്‍മഞ്ഞ് തടസ്സമായി. ഇതേ തുടര്‍ന്ന് നിരവധി തവണ വിമാനത്തിന് വട്ടമിട്ട് പറക്കേണ്ടിവന്നിരുന്നു. ഇതിനിടയില്‍ ഇന്ധനം തീര്‍ന്നതിനാല്‍ വിമാനം അടിയന്തരമായി ഇറക്കേണ്ട സാഹചര്യവുമുണ്ടായി. ഇന്‍സ്ട്രുമെന്റ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതാണ് വിമാനമിറക്കാന്‍ പൈലറ്റിന് കഴിയാത്തതെന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റണ്‍വേ കാണാതെ തന്നെ വിമാനമിറക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം. അറ്റത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് പൈലറ്റിന് കോക്ക് പിറ്റിലെ മോണിറ്ററില്‍ റണ്‍വേയുടെ മദ്ധ്യത്തുള്ള വര ഇലക്ട്രോണിക് ലൈനായി കാണാനാവുന്നത് ഐ.എല്‍.എസില്‍ നിന്നുള്ള തരംഗങ്ങളുടെ സഹായത്താലാണ്. ഇത് ശരിയായി കാണാത്തതുകൊണ്ടാണ് വിമാനം ഇറങ്ങാന്‍ വൈകിയതും പിന്നീട് അടിയന്തരമായി ഇറക്കേണ്ടിവന്ന സാഹചര്യമുണ്ടായതും.
ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ സുരക്ഷിതമുറപ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തന്നെ കാലിബറേറ്റിങ് വിമാനം അയക്കുകയായിരുന്നു. ഏത് പ്രതികൂലാവസ്ഥയിലും വിമാനമിറക്കാന്‍ റണ്‍വേ സജ്ജമാണെന്ന് കാലിബറേറ്റിങ് വിമാനത്തിലെ പൈലറ്റുമാരും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ സര്‍വയലന്‍സ് ഉദ്യോഗസ്ഥരും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.


90


തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ ക്ഷമത പരിശോധിക്കാനായി അതോറിറ്റിയുടെ കാലിബറേറ്റിങ് വിമാനമെത്തിയപ്പോള്‍

More Citizen News - Thiruvananthapuram