കൈമനത്ത് സ്ഥലമെടുപ്പിനിടെ സംഘര്‍ഷാവസ്ഥ; മരം വീണ് ഗതാഗത തടസവും

Posted on: 27 Aug 2015നേമം: കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച് കൈമനം ബി.എസ്.എന്‍.എല്‍. ട്രെയിനിങ് സെന്റര്‍ വളപ്പില്‍ സ്ഥലമെടുപ്പിനിടെ സംഘര്‍ഷാവസ്ഥ. പാപ്പനംകോട്ടെ മസ്ജിദ് മാറ്റി സ്ഥാപിക്കാന്‍ വേണ്ടിയാണ് സ്ഥലമെടുക്കുന്നതെന്നാരോപിച്ച് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ അകത്തും ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പുറത്തും തടസ്സവുമായെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.

ഇതിനിടയില്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതിനായി സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം തട്ടി ചുറ്റുമതിലിടിയുകയും മരം കടപുഴകി കരുമം-ഇടഗ്രാമം റോഡിന് കുറുകെ മറിഞ്ഞ് കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ വര്‍ക്‌സിന്റെ മതിലില്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതബന്ധം തകരാറിലാവുകയും ചെയ്തു. മരം വീണതറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മടങ്ങിപ്പോയി. ഓണത്തിരക്കിനിടെയുണ്ടായ ഈ സംഭവങ്ങള്‍ നാട്ടുകാരെയും പ്രകോപിതരാക്കി.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പണികള്‍ തുടങ്ങി കുറേ സമയത്തിനുശേഷമാണ് പ്രതിഷേധം തുടങ്ങിയത്. സംഭവമറിഞ്ഞ് കരമന എസ്.ഐ. രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ബി.എം.എസ്. പ്രവര്‍ത്തകരും റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു.
ഒടുവില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി.സാമുവല്‍ സ്ഥലത്തെത്തി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷിനോടും ഹിന്ദുഐക്യവേദി നേതാവ് തിരുമല അനിലിനോടും യൂണിയന്‍ പ്രാദേശിക നേതാക്കളോടും സംസാരിച്ചു. ഒന്നാം തീയതിവരെ ഈ സ്ഥലത്ത് ഒരു പ്രവര്‍ത്തനവും നടത്തില്ലെന്ന് ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. ഉച്ചയ്ക്ക് മരം മുറിച്ചുമാറ്റിയ ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. പ്രതിഷേധത്തിന് പാപ്പനംകോട് സജി, കെ.അനില്‍കുമാര്‍, കരുമം ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ടെലികോം സെന്റര്‍ വളപ്പില്‍ ഒരേക്കര്‍ സ്ഥലമാണ് റവന്യൂവകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ടെലികോം അധികൃതര്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് 9 സെന്റ് സ്ഥലം മാത്രമാണ് ഏറ്റെടുത്തതെന്നും ഇവിടെ എന്ത് സ്ഥാപിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്ജിദിനും കൈമനത്ത് നിന്ന് പൊളിച്ചുമാറ്റിയ ഗാന്ധിമന്ദിരത്തിനുമായാണ് സ്ഥലം എടുത്തതെന്നാണ് അറിയുന്നത്. മസ്ജിദിന് പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആ ഭാഗത്തെ വീതികൂട്ടലും ടാറിങ് ജോലികളും നിലച്ചതുകാരണം പാപ്പനംകോട് എന്‍ജിനിയറിങ് കോളേജിന് മുന്നില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.

More Citizen News - Thiruvananthapuram