ആരുമില്ലാത്ത അമ്മമാരുടെ മനസ്സ് നിറച്ച് ഓണക്കൈനീട്ടം

Posted on: 27 Aug 2015തിരുവനന്തപുരം: ''അടുത്തവര്‍ഷം ഇങ്ങനെ ഓണക്കോടി ഏറ്റുവാങ്ങാന്‍ ആയുസ്സുണ്ടാകുമോ എന്നറിയില്ല. നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി''-തൊണ്ണൂറ്റൊന്നുകാരി അംബുജാക്ഷിയമ്മ നിറകണ്ണുകളോടെ പറഞ്ഞു. മാതൃഭൂമിയും കല്യാണ്‍ സില്‍ക്‌സും ചേര്‍ന്ന് പൂജപ്പുര വനിതാ വൃദ്ധസദനത്തില്‍ നടത്തിയ ഓണക്കോടി വിതരണച്ചടങ്ങ് സ്‌നേഹം നിറഞ്ഞതായി.
55 മുതല്‍ 100 വയസ്സുവരെയുള്ള 44 അമ്മമാരായിരുന്നു വൃദ്ധസദനത്തിലുണ്ടായിരുന്നത്. അമ്മുക്കുട്ടിയമ്മ, സുബലക്ഷ്മി എന്നിവര്‍ കൂട്ടത്തിലെ കാരണവരാണ്. സ്വന്തം മക്കള്‍ ഓണക്കോടി കൊടുത്തില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്കായി കരുതിവെച്ച ഓണക്കോടിയുടെ ഓര്‍മ്മയിലാണ് ഈ അമ്മമാര്‍.
ഓണക്കോടിക്കൊപ്പം കുശലാന്വേഷണത്തിനായി കുറച്ചു പേരെ കിട്ടി എന്ന സന്തോഷവും അമ്മമാര്‍ പങ്കുവെച്ചു. സംസ്ഥാനത്തെ 15 അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കല്യാണ്‍ സില്‍ക്‌സ് ഓണക്കോടികള്‍ നല്‍കുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതിയിലൂടെ തിരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങളിലും തിരുവോണത്തിനു മുമ്പ് ഓണക്കോടികള്‍ വിതരണം ചെയ്യും. മാതൃഭൂമിയിലും കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളിലും ഓണക്കോടികള്‍ നല്‍കാമെന്ന് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങളില്‍ കാരുണ്യത്തിന്റെ സന്ദേശം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള പൂജപ്പുര വനിതാ വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി തിരുവനന്തപുരം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍, യൂണിറ്റ് മാനേജര്‍ ആര്‍. മുരളി, കല്യാണ്‍ സില്‍ക്‌സ് തിരുവനന്തപുരം മാനേജര്‍ ശ്രീജിത്ത്, റെഡ് മൈക്ക് കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദ, വൃദ്ധസദനം സൂപ്രണ്ട് റഷീദ എന്നിവര്‍ പങ്കെടുത്തു. പേയാട് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേവാസികള്‍ക്കും ഈ പദ്ധതിയിലൂടെ കല്യാണ്‍ സില്‍ക്‌സ് ഓണക്കോടി നല്‍കിയിരുന്നു.

More Citizen News - Thiruvananthapuram