വെഞ്ഞാറമ്മൂട്ടില്‍ സി.പി.എം. - സി.പി.ഐ. തര്‍ക്കം കൂടുതല്‍ വഷളാകുന്നു

Posted on: 27 Aug 2015വെഞ്ഞാറമൂട്: ഒരിടവേളയ്ക്ക് ശേഷം വെഞ്ഞാറമൂട്ടില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ വഷളാകുന്നു. സി.പി.ഐ. ഭരിക്കുന്ന വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ രവീന്ദ്രന്‍നായരെ ക്രമക്കേടിന്റെ പേരില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇരു പാര്‍ട്ടികളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാടാനുള്ള സൂചനകളും നല്‍കി.

2011-ല്‍ സി.പി.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എം.റൈസ് ഉള്‍പ്പെടെ ഒരുവിഭാഗം പാര്‍ട്ടി വിട്ട് സി.പി.ഐ.യില്‍ ചേര്‍ന്നതുമുതല്‍ ഇവിടെ സി.പി.എമ്മും സി.പി.ഐ.യും പരസ്​പരം ശത്രുതയിലാണ്. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷംവരെയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും സംസ്ഥാനകമ്മിറ്റികളും ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടുപോലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല.

സി.പി.എമ്മിന്റെ ആധിപത്യത്തിലായിരുന്ന വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ 2014-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.എം.റൈസ് നേതൃത്വം കൊടുക്കുന്ന സി.പി.ഐ. പാനല്‍ സി.പി.എമ്മിലെ സ്ഥാനാര്‍ഥികളെ മുഴുവന്‍ പരാജയപ്പെടുത്തിയതോടെ ഇവരുടെ വാശിയും ഇരട്ടിയായി.

അതു കഴിഞ്ഞ് കുറച്ചുനാള്‍ ശാന്തമായിരുന്നെങ്കിലും ഇപ്പോള്‍ സഹകരണ സംഘത്തിന്റെ പേരില്‍ തന്നെ ഇരുവരും കച്ചമുറുക്കുകയാണ്. രവീന്ദ്രന്‍നായരെ പിരിച്ചുവിട്ടത് രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണെന്നാണ് സി.പി.എം. ആരോപിക്കുന്നത്. എന്നാല്‍ ക്രമക്കേട് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഇതില്‍ അപാകതയുണ്ടെങ്കില്‍ സി.പി.എമ്മിന് കോടതിയെ സമീപിക്കാമെന്നുമാണ് സി.പി.ഐ. പറയുന്നത്.

രവീന്ദ്രന്‍നായരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും സഹകരണയൂണിയനും വെഞ്ഞാറമൂട് സര്‍വീസ് സഹകരണബാങ്കിന് മുന്നില്‍ ഒരുമാസമായി സമരം നടത്തിവരികയാണ്. സി.പി.എം. സമരം നടത്തിയ ബാങ്ക് കെട്ടിടത്തിന്റെ മുന്‍വശത്ത് സഹകരണ സംഘം ന്യായവില പച്ചക്കറി ചന്ത വന്നതോടെയാണ് കഴിഞ്ഞ ദിവസം പ്രശ്‌നങ്ങള്‍ നടന്നത്. ഇവിടെ പച്ചക്കറി ചന്ത നടത്താന്‍ കോടതിയുടെ അനുവാദം കൂടിവന്നതോടെ ഉത്തരവ് നടപ്പാക്കാന്‍ പോലീസും എത്തി. അവസാനം സി.പി.എമ്മുകാര്‍ക്ക് സമരസ്ഥലം പച്ചക്കറി ചന്തയ്ക്കുശേഷമുള്ള സ്ഥലത്തേയ്ക്ക് മാറ്റേണ്ടിയും വന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ തന്നെ ഇരുവിഭാഗവും കടുത്തപോരിന് ഇറങ്ങിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഐക്യമില്ല എന്ന സൂചന നല്‍കിക്കൊണ്ട് സി.പി.ഐ. ഒറ്റയ്ക്കു തന്നെ പ്രകടനപത്രികയും ഇറക്കിക്കഴിഞ്ഞു. സി.പി.എം. മത്സരിക്കുന്ന എല്ലാ വാര്‍ഡുകളിലും സി.പി.ഐ. മത്സരിച്ച് ശക്തികാട്ടാനും ഒരുക്കങ്ങള്‍ നടക്കുകയാണ്. സി.പി.എമ്മും ഇതിനെതിരായ കരുനീക്കങ്ങള്‍ നടത്തുകയാണ്.

More Citizen News - Thiruvananthapuram