പതിനൊന്ന് ശുചിത്വവാര്‍ഡുകള്‍ കൂടി

Posted on: 26 Aug 2015തിരുവനന്തപുരം: നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകളെ കൂടി നാലാംഘട്ടത്തില്‍ ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചു. കവയിത്രി സുഗതകുമാരിയാണ് വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തിയത്. ശുദ്ധമായ ഭക്ഷണം ലഭിക്കാത്ത ലജ്ജാകരമായ അവസ്ഥയിലാണ് കേരളമെന്ന് സുഗതകുമാരി പറഞ്ഞു. വികസനമെന്നത് ശുദ്ധമായ വെള്ളവും വായുവും കൃഷിയും ചേര്‍ന്നതാണ്. ശുചിത്വ വാര്‍ഡുകളിലെ ശുചിത്വത്തിന്റെ മേല്‍നോട്ടം കഴുകന്റെ കണ്ണുകളോടെ നടത്താന്‍ കഴിയണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വഞ്ചിയൂര്‍, തിരുമല, പാങ്ങോട്, പെരുന്താന്നി, കളിപ്പാന്‍കുളം, ചാക്ക, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം, പാല്‍കുളങ്ങര, കേളവദാസപുരം, ആറന്നൂര്‍ എന്നീ വാര്‍ഡുകളാണ് ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചത്. തോമസ് ഐസക് എം.എല്‍.എ, മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍, പാളയം രാജന്‍, പി. അശോക്കുമാര്‍, എസ്. പുഷ്പലത, ഷാജിത നാസര്‍ തുടങ്ങിയ നഗരസഭാ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും പങ്കെടുത്തു. ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചവയ്ക്ക് മെമന്റോയും നല്‍കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തില്ല. മാലിന്യ സംസ്‌കരണത്തില്‍ നഗരസഭ പരാജയമായതിനാലാണ് പങ്കെടുക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജി.എസ്. ബാബു പറഞ്ഞു.

More Citizen News - Thiruvananthapuram