സി.പി.ഐ. സഹകരണസംഘത്തിന്റെ ഓണച്ചന്തയുടെ സ്ഥലത്ത് സി.പി.എം. സമരം നടത്താന്‍ ശ്രമം; പോലീസ് തടഞ്ഞു

Posted on: 26 Aug 2015വെഞ്ഞാറമൂട് : സി.പി.ഐ. ഭരണസമിതിയുടെ കീഴിലെ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ സംഘത്തിന്റെ ഓണച്ചന്ത നടക്കുന്ന സ്ഥലത്ത് സി.പി.എം. സമരം നടത്താന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. അല്പസമയം സംഘര്‍ഷസാധ്യതയുണ്ടായെങ്കിലും പച്ചക്കറി സ്റ്റാളിനു സമീപത്ത് സമരം നടത്താന്‍ അനുവദിച്ചതോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി.
സി.പി.ഐ. ഭരിക്കുന്ന ബാങ്കില്‍നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ ജീവനക്കാരനെ തിരിമറിയുടെ പേരില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബാങ്കിന് മുമ്പില്‍ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ സഹകരണയൂണിയന്‍ സമരം നടത്തിവരികയായിരുന്നു. ബാങ്കിന്റെ മുന്‍വശത്താണ് 25 ദിവസമായി സമരം നടത്തിവരുന്നത്. ബാങ്കിന്റെ ഓണക്കാല പച്ചക്കറി വിപണി ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാങ്ക് പച്ചക്കറി കട നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന് ഹൈക്കോടതി ഉത്തരവും വാങ്ങിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച സമരക്കാര്‍ വന്നപ്പോള്‍ സമരം നടത്തിയിരുന്ന സ്ഥലത്ത് പച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു സി.പി.എം. പ്രവര്‍ത്തകര്‍..വെഞ്ഞാറമൂട് സി.ഐ. ജയചന്ദ്രന്‍, എസ്.ഐ. റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘം സമരക്കാരുമായി സംസാരിച്ചു. ഹൈക്കോടതി ഉത്തരവുള്ളതുകൊണ്ട് ഇവിടെ സമരം നടത്താന്‍ അനുവാദമില്ലെന്ന് പോലീസ് സമരക്കാരോട് പറഞ്ഞു.
ആദ്യം സി.പി.എം. പ്രവര്‍ത്തകര്‍ പച്ചക്കറി സ്റ്റാളിനുമുമ്പില്‍ തന്നെ പ്രതിഷേധവുമായി നിന്നു. പോലീസ് ഇവരെ പിന്തിരിപ്പിച്ചു. അരമണിക്കൂറിനു ശേഷം സി.പി.എം. പ്രവര്‍ത്തകര്‍ പച്ചക്കറി സ്റ്റാളിന് വശത്തുള്ള കുറച്ചു സ്ഥലത്ത് സമരം നടത്തി.
സി.പി.എം. ഏരിയാ സെക്രട്ടറി ഡി.കെ.മുരളി, ശശിധരക്കുറുപ്പ്, ഇ.എ.സലീം, ബാലചന്ദ്രന്‍, ഷാജു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.
ഉച്ചയോടെ സമരം അവസാനിപ്പിച്ചു.
ഓണ അവധി കഴിഞ്ഞയുടന്‍ സമരം തുടങ്ങുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram