ഓണാഘോഷം: മത്സരങ്ങള്‍ ഇന്ന്

Posted on: 26 Aug 2015നെടുമങ്ങാട് ഓണം വാരാഘോഷം

നെടുമങ്ങാട്:
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നെടുമങ്ങാട് ഓണം വാരാഘോഷം 26 മുതല്‍ 30 വരെ നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാലോട് രവി എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റവന്യൂ ടവര്‍ അങ്കണം, നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാളിക്കോട് വഴിയോര വിശ്രമകേന്ദ്രം, ധനലക്ഷ്മി ഓഡിറ്റോറിയം എന്നിങ്ങനെ നാല് വേദികളിലായാണ് കലാപരിപാടികള്‍ നടത്തുന്നത്.
26ന് രാവിലെ 9.30ന് റവന്യൂടവര്‍ അങ്കണത്തില്‍ ഓണപ്പതാക ഉയര്‍ത്തുന്നതോടെ വാരാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് അഞ്ച് നാളുകള്‍ നെടുമങ്ങാടിന് ആഘോഷത്തിന്റെ നിറപൊലിമയുള്ള കലാപരിപാടികളും പ്രകാശവിതാനവും കണ്ടാസ്വദിക്കാം. രാവിലെ 10ന് ഗേള്‍സ് സ്‌കൂളില്‍ അത്തപ്പൂക്കള മത്സരവും കുട്ടികളുടെ ചിത്രരചനാ മത്സരവും നടക്കും. 10 മുതല്‍ ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ തിരുവാതിരക്കളി, നാടന്‍പാട്ട്, ഓണപ്പാട്ട് മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 12ന് ഓണസദ്യ, 6ന് ചെണ്ടമേളം, വൈകുന്നേരം 6.30ന് പ്രൊഫ.മധുസൂദനന്‍നായര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കവിയരങ്ങ്. 7.30ന് ഗിരീഷ് മോഹന്റെ നൃത്ത സംഗീതശില്പം.
27ന് വൈകുന്നേരം 5ന് ചെണ്ടമേളം, 6.30ന് മാസ്റ്റര്‍ അനന്തപത്മനാഭന്റെ മാജിക് ഷോ, 7ന് സൗപര്‍ണികയുടെ നാടകം. 28ന് വൈകുന്നേരം 5.30ന് കളരിപ്പയറ്റ്, വൈകുന്നേരം 6.30ന് ചില്‍ഡ്രന്‍സ് അക്കാദമിയുടെ ശാസ്ത്രീയ നൃത്തനൃത്ത്യങ്ങള്‍, 7.30ന് ഗാനമേള. 29ന് വൈകുന്നേരം 6.30ന് കളരിപയറ്റ്, 7ന് പിന്നണി ഗായകരായ പന്തളം ബാലന്‍, ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള, 30 ന് വൈകുന്നേരം 5 ന് പഞ്ചവാദ്യം, 6 ന് നാടന്‍പാട്ട്, 7 ന് തലവടി ജയചന്ദ്രന്റെ കഥാപ്രസംഗം എന്നിവയാണ് പ്രധാന പരിപാടികള്‍.
ഓണാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരവും പരിസര പ്രദേശങ്ങളും വ്യാപാരി-വ്യവസായികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ വൈദ്യുതി ദീപാലങ്കാരവും നടത്തുന്നുണ്ട് . പത്രസമ്മേളനത്തില്‍ സെക്രട്ടറി ജഹാംഗീര്‍, അഡ്വ. തേക്കട അനില്‍, ഹരികേശന്‍നായര്‍, ബി.എസ്.സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

നെടുമങ്ങാട്:
ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മത്സരയിനങ്ങള്‍ ബുധനാഴ്ച നടക്കും. രാവിലെ 10 മുതല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്തപ്പൂക്കള മത്സരവും കുട്ടികളുടെ ചിത്രരചന മത്സരവും നടക്കും. അത്തപ്പൂക്കള മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും നല്‍കും. ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട്, ഓണപാട്ട് , തിരുവാതിരക്കളി മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 11.30 മുതല്‍ ധനലക്ഷമി ഓഡിറ്റോറിയത്തില്‍ ഓണസദ്യയും നടക്കും.


More Citizen News - Thiruvananthapuram