വെഞ്ഞാറമൂട്ടില്‍ പാര്‍ക്കിങ്ങിന് താത്കാലിക സംവിധാനം

Posted on: 26 Aug 2015വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചു

വെഞ്ഞാറമൂട്:
കവലയില്‍ പാര്‍ക്കിങ്ങിന് വിലക്കേര്‍പ്പെടുത്തുകയും പകരം സംവിധാനം ഉണ്ടാക്കാതിരിക്കുകയും ചെയ്തതിനെതിരെ വ്യാപാരികള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. പഞ്ചായത്ത് ഇടപെട്ട് ഓണക്കാലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലങ്ങള്‍ ഒരുക്കി.
കിഴക്കേ റോഡില്‍ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന വാഹനങ്ങള്‍ പുതിയ പ്രൈവറ്റ് ബസ് ഡിപ്പോയിലും കവലയിലെ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന വാഹനങ്ങള്‍ കവലയിലെ രാമചന്ദ്രന്‍ സ്മാരക നാടകോത്സവ മൈതാനത്തും പാര്‍ക്ക് ചെയ്യുന്നതിനാണ് പഞ്ചായത്ത് സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം റോഡില്‍ പഴയ എസ്.ബി.ടി.ക്ക് സമീപത്തെ സ്വകാര്യ പുരയിടത്തിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒരാഴ്ചയായി വെഞ്ഞാറമൂട് കവലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കവലയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ അധികൃതര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഒരിടത്തും സൗകര്യമുണ്ടാക്കിയിരുന്നില്ല. കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വട്ടംകറങ്ങുന്ന അവസ്ഥയായിരുന്നു.
ഇതോടെയാണ് വ്യാപാരി- വ്യവസായി ഏകോപന സമിതി പ്രതിഷേധവുമായി എത്തിയത്.
ചൊവ്വാഴ്ച വ്യാപാരി യൂണിയന്‍ നേതാക്കളായ ബാബു, കെ.സിതാര, രാജശേഖരന്‍, മോഹനന്‍ നായര്‍, പൂരം ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പഞ്ചായത്തധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

More Citizen News - Thiruvananthapuram