തൊഴിലുറപ്പ് തൊഴിലാളി വേതനപ്രശ്‌നം; അഴൂരില്‍ ഭരണ-പ്രതിപക്ഷ നിരാഹാരം

Posted on: 26 Aug 2015ചിറയിന്‍കീഴ്: അഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണക്കാലത്തും വേതനം നല്‍കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് അഡ്വ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി. ഇതിനിടെ പ്രതിപക്ഷസമരം കളവാണെന്ന് ആരോപിച്ച് പ്രസിഡന്റ് അഡ്വ.വി.ജോയിയും നിരാഹാരം നടത്തി. രണ്ടുപേരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ ഓണാഘോഷവും ഓണസദ്യയും നടത്തിയതില്‍ പ്രതിേഷധിച്ചു കൂടിയായിരുന്നു സമരമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ച് പോലീസ് റോഡില്‍ തടഞ്ഞു. അഴൂര്‍ വിജയന്‍, ബി.സുധര്‍മ, കെ.ഓമന, വി.കെ. ശശിധരന്‍, സജിത് മുട്ടപ്പലം എന്നിവര്‍ പങ്കെടുത്തു.
പ്രതിപക്ഷ ആരോപണങ്ങള്‍ നുണപ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നാടകമാണ് സമരമെന്നും ഭരണപക്ഷം പറയുന്നു. സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അനുവദിക്കാത്തതിനാലാണ് തൊഴിലാളികള്‍ക്ക് വേതനം അനുവദിക്കാതിരുന്നതെന്നും ഇവര്‍ പറയുന്നു.

More Citizen News - Thiruvananthapuram