ഓണാഘോഷങ്ങള്‍ക്ക് തുടക്കം

Posted on: 26 Aug 2015തിരുവനന്തപുരം: പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാനതല ഓണം വാരാഘോഷത്തിന് തുടക്കമായി. ഇനിയുള്ള ഏഴു നാളുകള്‍ തലസ്ഥാനനഗരം ഓണാഘോഷത്തിന്റെ ലഹരിയില്‍ മുങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി കെ.പി. അനില്‍കുമാര്‍ അധ്യക്ഷനായി.
സൂര്യാ കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ നൃത്തരൂപത്തോടെയാണ് വേദി ഉണര്‍ന്നത്. കലാക്ഷേത്രയിലെ ശ്രുതി ജയനും സംഘവുമാണ് കേരളത്തനിമയുള്ള ആവിഷ്‌കാരവുമായി വേദിയിലെത്തിയത്. കെ.എസ്. ചിത്രയുടെ കീര്‍ത്തനാലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, കെ.എസ്.ചിത്ര, സംഗീതജ്ഞന്‍ മനോജ് ജോര്‍ജ് എന്നിവരെ ആദരിച്ചു.
ജില്ലയില്‍ 29 വേദികളിലായിട്ടാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. 5000 കലാകാരന്മാര്‍ അരങ്ങിലെത്തും. നവീകരിച്ച കനകക്കുന്നും ഓണാഘോഷത്തിന്റെ തുടക്കത്തോടെ നഗരത്തിന് സ്വന്തമായി. പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കൃഷ്ണശിലയിലെ സ്തൂപങ്ങളും കനകക്കുന്നിന് പ്രൗഢിയേകുന്നു.
സ്​പീക്കര്‍ എന്‍. ശക്തന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ പാലോട് രവി, കെ.എസ്. ശബരീനാഥ്, കെ.മുരളീധരന്‍, ടൂറിസം ഡയറക്ടര്‍ കമലാവര്‍ധന റാവു, നഗരസഭാ കൗണ്‍സിലര്‍ ലീലാമ്മ ഐസക് എന്നിവര്‍ സംസാരിച്ചു.
ഓണാഘോഷ വേദികളില്‍ ഇന്ന്

* നിശാഗന്ധി:
ശിവമണിയും കരുണാമൂര്‍ത്തിയും അവതരിപ്പിക്കുന്ന ജേര്‍ണി ഓഫ് റിഥം. വൈകീട്ട്.
* സെന്‍ട്രല്‍ സ്റ്റേഡിയം: നാടുകാക്കാന്‍ നല്ലോണം- ജി. വേണുഗോപാല്‍. മെഗാഷോ.
* പൂജപ്പുര മൈതാനം: ഗാനമേള - ബി.വസന്ത. രാത്രി 7.00.
* ശംഖുംമുഖം: ഓണപ്പാട്ടുകള്‍- എസ്. കര്‍പ്പകവല്ലി 5.00.
* കനകക്കുന്ന്: തിരുവരങ്ങ് തിരിയൊഴിച്ചില്‍- സുധീര്‍ മുള്ളൂര്‍ക്കര വൈകീട്ട് 6.30.
* കനകക്കുന്ന് നാട്ടരങ്ങ്: കണ്ണ്യാര്‍കളി 6.30.
* കനകക്കുന്ന് സോപാനം: തോല്‍പാവക്കൂത്ത് 6.30.
* സൂര്യകാന്തി മിനിസ്റ്റേജ്: യക്ഷഗാനം 6.30.
* കനകക്കുന്ന് സംഗീതിക: വീണ 5.00.
* തീര്‍ത്ഥപാദമണ്ഡം: കഥകളി- കിര്‍മീരവധം 6.00.
* ഗാന്ധിപാര്‍ക്ക്: കഥാപ്രസംഗം 6.00.
* വി.ജെ.ടി. ഹാള്‍: സോപാനസംഗീതം 6.30.
* കനകക്കുന്ന് ഗേറ്റ്: ചെണ്ടമേളം 5.00.
* മ്യൂസിയം കോമ്പൗണ്ട്: കളരിപ്പയറ്റ് 7.00.
*പബ്ലിക്ക് ഓഫീസ് കോമ്പൗണ്ട്: ഗാനമേള 7.00.
*പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല: സ്റ്റേജ് ഗാനമേള 7.00.
*ഭാരത് ഭവന്‍: ഓട്ടന്‍തുള്ളല്‍ 5.30, ഗാനമേള 7.00.
* സത്യന്‍ മെമ്മോറിയല്‍ ഹാള്‍: നര്‍മ്മലകല 7.00.
* വൈലോപ്പിള്ളി ഓപ്പണ്‍ എയര്‍: കേരളനടനം, ശാസ്ത്രീയനൃത്തം 6.30.
* ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍: നാടകം 6.30.
*വേളി ടൂറിസ്റ്റ് വില്ലേജ്: ഗാനമേള 6.00.
*വി.ജെ.ടി ഹാള്‍: കവിയരങ്ങ് - സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍ 4.00.


More Citizen News - Thiruvananthapuram