പെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ പോസ്റ്റ് ഓഫീസുകളില്‍ കാത്തുകിടന്ന് വലയുന്നു

Posted on: 26 Aug 2015വര്‍ക്കല: വിവിധ പെന്‍ഷനുകള്‍ വാങ്ങാനെത്തുന്നവര്‍ പോസ്റ്റ് ഓഫീസുകളിലെത്തി കാത്തുകിടന്ന് വലയുന്നു. പെന്‍ഷനുകള്‍ മണി ഓര്‍ഡറായി അയയ്ക്കുന്നത് നിര്‍ത്തി അക്കൗണ്ടിലാക്കിയതോടെയാണ് വൃദ്ധരും രോഗികളുമായവര്‍ പോസ്റ്റ് ഓഫീസുകളില്‍ കാത്തുകിടക്കേണ്ടിവരുന്നത്. ഓണം കൊള്ളാന്‍ പലര്‍ക്കും ആകെയുള്ളത് പെന്‍ഷനാണ്. അത് വാങ്ങാന്‍ മണിക്കൂറുകളോളം വെയിലത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
പുതിയ തീരുമാനപ്രകാരം പെന്‍ഷന്‍കാരുടെ അക്കൗണ്ടിലാണ് പെന്‍ഷന്‍ എത്തുന്നത്. ഇതിനായി പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തണം. വര്‍ക്കല പോസ്റ്റ് ഓഫീസില്‍ പെന്‍ഷന്‍ വാങ്ങാനും ഇവര്‍ക്ക് കൂട്ടിനുമായി നാനൂറോളം പേരാണ് ചൊവ്വാഴ്ച എത്തിയത്. 200ലധികം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായവും തേടി. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതാണ് അവസ്ഥ. വാര്‍ധക്യ, വിധവ, കര്‍ഷക പെന്‍ഷനുള്‍പ്പെടെയുള്ളവയാണ് പോസ്റ്റ് ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നത്. പ്രായം ചെന്നവരും അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യമുള്ളവരുമെല്ലാം പെന്‍ഷനായി എത്തുന്നു. ഫോറം വാങ്ങി പൂരിപ്പിച്ച് കൗണ്ടറില്‍ നല്‍കി വേണം പെന്‍ഷന്‍ കൈപ്പറ്റാനുള്ളത്. മിക്കവര്‍ക്കും ഇതിനൊന്നും കഴിയില്ല. മറ്റുള്ളവരുടെ സഹായം വേണം. ഓട്ടോ പിടിച്ചും മറ്റും കൂട്ടിന് ആളുമായാണ് എത്തുന്നത്. തിരക്ക് വര്‍ധിച്ചതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാലേ പെന്‍ഷന്‍ കൈയിലെത്തൂ. പോസ്റ്റ് ഓഫീസിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നു. തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് സ്റ്റാഫിന്റെ എണ്ണം കൂട്ടാത്തതും ബുദ്ധിമുട്ടാകുന്നു. പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന സംവിധാനം തിരികെക്കൊണ്ടുവരണമെന്ന് പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ ആവശ്യപ്പെടുന്നു.

More Citizen News - Thiruvananthapuram