കരമന-കളിയിക്കാവിള ദേശീയപാത: ഭൂമിവില പുനര്‍നിര്‍ണയിച്ചു

Posted on: 26 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള ഭാഗത്ത് ഭൂമിയുടെ വില പുനര്‍നിര്‍ണയിക്കാന്‍ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തീരുമാനിച്ചു.
ആദ്യം നിശ്ചയിച്ച വിലയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതം എല്ലാ വിഭാഗത്തിനും ആഗസ്ത് 13ന് ചേര്‍ന്ന കമ്മിറ്റി കുറച്ചിരുന്നു. ഈ വിലയാണ് കൂടുതല്‍ ഭൂവുടമകള്‍ക്കും സര്‍ക്കാരിനും സ്വീകാര്യമായ രീതിയില്‍ പുതുക്കിയത്.
വിവിധതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തുകയില്‍ എല്ലാവിഭാഗത്തിനും ഒരുലക്ഷംരൂപ കൂടി വര്‍ധിപ്പിക്കാനാണ് ധാരണയായത്.
'എ' വിഭാഗം വസ്തുക്കള്‍ക്ക് 13.25 ലക്ഷം രൂപ, 'ബി' വിഭാഗം വസ്തുക്കള്‍ക്ക് 11.9 ലക്ഷം രൂപ, 'സി' വിഭാഗം വസ്തുക്കള്‍ക്ക് 11 ലക്ഷം രൂപ, 'ഡി' വിഭാഗം വസ്തുക്കള്‍ക്ക് ഒന്‍പതുലക്ഷം രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
എസ്.എല്‍.ഇ.സിയും സര്‍ക്കാരും ഇതംഗീകരിക്കുന്ന മുറയ്ക്ക് എഗ്രിമെന്റ് ഒപ്പിടുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ തുക വിതരണം ചെയ്യും. ബാക്കിയുള്ളവ പൊന്നുംവില നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകും. രണ്ടുലക്ഷം രൂപ വീതം കുറച്ച നിരക്കില്‍ ഇതിനകം സമ്മതപത്രം നല്‍കിയവര്‍ക്കും പുതുക്കിയ നിരക്ക് ലഭിക്കുന്നതാണെന്നും അവര്‍ പുതുതായി സമ്മതപത്രം നല്‍കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram