മാരായമുട്ടം-കോട്ടയ്ക്കല്‍-പാലിയോട് റോഡിലെ വാഹനയാത്ര നടുവൊടിക്കും

Posted on: 26 Aug 2015കുണ്ടും കുഴിയുമായി റോഡ്

നെയ്യാറ്റിന്‍കര:
മാരായമുട്ടം-കോട്ടയ്ക്കല്‍-പാലിയോട് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി മാറി. മൂന്ന് വര്‍ഷത്തിലേറെയായി അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാതെ തകര്‍ന്ന ഇതിലൂടെയുള്ള വാഹനയാത്രക്കാരുടെ നടുവൊടിക്കും. റോഡ് നന്നാക്കാത്തത് കാരണം ഇതുവഴിയുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരുക്കി.
മാരായമുട്ടം, മണലുവിള, കോട്ടയ്ക്കല്‍, പാലിയോട് വരെയായുള്ള ആറ് കിലോമീറ്റര്‍ ദൂരം റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ടാര്‍ ഇളകി വലിയ കുഴികളായ നിലയിലാണ് റോഡ്. പാലിയോടിനെ നഗരപ്രദേശവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ഗതികേട്.
പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്‌കരമാണ്. ഇരുചക്രവാഹനയാത്രയാണ് ഏറ്റവും ദുഷ്‌കരം. ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മഴ പെയ്താല്‍ ഈ റോഡ് വഴിയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാവും. വെള്ളക്കെട്ടിലായ റോഡില്‍ ഗട്ടറുകള്‍ കാണാനാവാതെ വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുകയാണ്.
റോഡില്‍ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ കല്ലുംമണ്ണുമിട്ട് നികത്തിയിട്ടുണ്ട്. എന്നാല്‍ ഇവ പെട്ടെന്നുതന്നെ ഇളകിപ്പോകുകയാണ്. റോഡിന്റെ പലഭാഗത്തും ഓടയില്ലാത്തതാണ് മഴക്കാലത്ത് ടാര്‍ ഇളകി റോഡ് തകരാന്‍ കാരണം.
പാറശ്ശാല നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റോഡാണിത്. പൊതുമരാമത്ത് വകുപ്പുകാരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. മൂന്ന് വര്‍ഷത്തിലേറെയായി തകര്‍ന്ന് കിടക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ കാണാന്‍ അധികൃതര്‍ക്കായിട്ടില്ല. നാട്ടുകാരും വിവിധ സംഘടനകളും റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താനായി പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി. എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
കോട്ടയ്ക്കല്‍ മുതല്‍ പാലിയോട് വരെ റോഡിലൂടെ കാല്‍നട യാത്രപോലും ദുഷ്‌കരമാക്കുകയാണ്. മാരായമുട്ടത്തു നിന്നും വെള്ളറടയിലേക്ക് പോകാനുള്ള ഏകമാര്‍ഗ്ഗമാണീ റോഡ്. ഷെര്‍ലക്കോട് ഭാഗത്തേയ്ക്ക് ഇവിടെയുള്ളവര്‍ക്ക് പോകാനുള്ള ഏകവഴിയുമാണ് ഈ റോഡ്. പാലിയോട് നിന്നും മണ്ണാംകോണം വരെയുള്ള റോഡും തകര്‍ന്നുകിടക്കുകയാണ്. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് കോട്ടയ്ക്കല്‍ വ്യാസ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram