റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു: നാലായിരം കിലോ ഷീറ്റ് കത്തിനശിച്ചു

Posted on: 26 Aug 2015വെമ്പായം: കന്യാകുളങ്ങരയ്ക്കടുത്ത് റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ച് നാലായിരം കിലോ ഷീറ്റ് കത്തിനശിച്ചു. കന്യാകുളങ്ങര കമുകറക്കോണം ജാസ്മിന്‍ മന്‍സിലില്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള എ.ആര്‍. റബ്ബേഴ്‌സിന്റെ പുകപ്പുരയ്ക്കാണ് ചെവ്വാഴ്ച രാവിലെ തീ പിടിച്ചത്. മൂന്ന് ദിവസം മുന്‍പാണ് നാലായിരം കിലോയോളം ഷീറ്റ് ഉണങ്ങാനിട്ടത്. എന്നാല്‍ പുകപ്പുരയ്ക്കുള്ളില്‍ റബ്ബര്‍ ഷീറ്റ് ഇട്ടിരുന്ന മരക്കഷണങ്ങള്‍ ഒടിഞ്ഞ് പുകയ്ക്കാനായി കൂട്ടിയിരുന്ന തീക്കൂനയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
രാവിലെ കനത്ത പുകയും ഗന്ധവും ഉയര്‍ന്നതോടെ തൊഴിലാളികളാണ് പുകപ്പുരയ്ക്ക് തീപടരുന്നത് കണ്ടത്. നെടുമങ്ങാട് നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കഴക്കുട്ടത്ത് നിന്നും കൂടുതല്‍ അഗ്നിശമനയൂണിറ്റുകളെ വിളിച്ചുവരുത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മുപ്പതോളം അഗ്നിശമന അംഗങ്ങളും നാട്ടുകാരും നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. സമീപത്ത് വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടായിരുന്നെങ്കിലും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.

More Citizen News - Thiruvananthapuram