കണ്ണാശുപത്രിയുടെ ഏഴുനില കെട്ടിടം ജനവരിയില്‍ ഉദ്ഘാടനം ചെയ്യും - മന്ത്രി വി.എസ്.ശിവകുമാര്‍

Posted on: 26 Aug 2015തിരുവനന്തപുരം: കണ്ണാശുപത്രിക്കുവേണ്ടി ഇരുപത് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2016 ജനവരിയില്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. കണ്ണാശുപത്രിയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മുപ്പതാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
67,190 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 1970 കണ്ണുകളും നടപ്പുസാമ്പത്തികവര്‍ഷം ഇതുവരെ 650 കണ്ണുകളും മരണാനന്തര നേത്രദാനത്തിലൂടെ ലഭിച്ചതായി മന്ത്രി യോഗത്തില്‍ അറിയിച്ചു. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ സാമൂഹിക സംഘടനകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നേത്രദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഡി.കെ.ശ്രീകുമാരി, കണ്ണാശുപത്രി ഡയറക്ടര്‍ ഡോ. പി.എസ്.ഗിരിജാദേവി, സൂപ്രണ്ട് ഡോ. വി.സഹസ്രനാമം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. എസ്.കൃഷ്ണകുമാര്‍, ഡി.പി.എം. ഡോ. ബി.ഉണ്ണിക്കൃഷ്ണന്‍, അഡീഷണല്‍ ഡി.എം.ഒ. ഡോ. അമ്പിളി കമലന്‍, ജില്ലാ ഒഫ്താല്‍മോളജി സര്‍ജന്‍ ഡോ. സി.വി.ശശികല എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram