ഗ്രാമോത്സവങ്ങളായി ഓണവിപണികള്‍; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കവലകള്‍

Posted on: 26 Aug 2015നെയ്യാറ്റിന്‍കര: തിരുവോണത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ ഓണവിപണികള്‍ സജീവമായി. തെരുവോര കച്ചവടങ്ങള്‍ മുതല്‍ ഓണംമേളകള്‍ വരെയായി നീളുകയാണ്. വിപണികള്‍ സജീവമായതോടെ പ്രധാനകവലകളെല്ലാം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.
താലൂക്കിലെ പ്രധാന കവലകളിലെല്ലാം ഓണ വിപണികള്‍ സജീവമായി. കുടുംബശ്രീ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ രംഗത്തുണ്ട്. വിവിധ സംഘടനകള്‍ പ്രാദേശികമായി മേളകളും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും ഗ്രാമോത്സവങ്ങളായിട്ടാണ് മേളകള്‍ തുടങ്ങിയിട്ടുള്ളത്.
നെയ്യാറ്റിന്‍കരയില്‍ വ്യാപാരി-വ്യവസായി സമിതിയുടെ നേതൃത്ത്വത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നെയ്യാര്‍ മേള തുടങ്ങി. വ്യാപാരത്തോടൊപ്പം വിനോദപരിപാടികളും കോര്‍ത്തിണക്കിയാണ് മേള.
പള്ളിച്ചല്‍ പഞ്ചായത്തിലെ മുടവൂര്‍പ്പാറ വെട്ടുബലിക്കുളത്തെ ബോട്ട് ക്ലബ്ബില്‍ വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇവിടെ ബോട്ട് റൈസിങ്ങിനായി തിരക്കാണ്. വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന കലാ, സാംസ്‌കാരിക പരിപാടികളും ഉണ്ട്.
പള്ളിച്ചല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടുംബശ്രീക്കാരുടെ മേളയും ഒരുക്കിയിട്ടുണ്ട്. ഇവിടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും.
ബാലരാമപുരം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും കുടുംബശ്രീ മേളയുണ്ട്. ഇവിടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പുറമെ പച്ചക്കറികളും ലഭിക്കും. നെല്ലിമൂട് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണവിപണി തുടങ്ങി.
പെരുങ്കടവിള, ഇരുമ്പില്‍, പെരുമ്പഴുതൂര്‍, അരുവിയോട് തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ഓണവിപണികള്‍ സജീവമായതോടെ പ്രധാന കവലകളിലെല്ലാം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ്. ബാലരാമപുരം, ആലുംമൂട്, വഴിമുക്ക്, പ്രാവച്ചമ്പലം, നെയ്യാറ്റിന്‍കര ആശുപത്രി കവല, പാറശ്ശാല, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബാലരാമപുരം കടന്നുകിട്ടണമെങ്കില്‍ രാവിലെയും വൈകുന്നേരവും മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കണം.
നെയ്യാറ്റിന്‍കര ആലുംമൂട് കവലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ആലുമൂടിലെ ഗതാഗതക്കുരുക്ക് കൃഷ്ണസ്വാമി ക്ഷേത്രവും കഴിഞ്ഞുപോകും. ഓണക്കാലത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ പ്രധാന കവലകളില്‍ നിയമിക്കുന്നില്ലെന്നും പരാതിയുണ്ട്.

More Citizen News - Thiruvananthapuram