14 കോടി മുടക്കിയിട്ടും വന്യമൃഗശല്യം തടയാനാകുന്നില്ല

Posted on: 26 Aug 2015തിരുവനന്തപുരം: സുരക്ഷയ്ക്ക് 14 കോടി മുടക്കിയിട്ടും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണം 160 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 7416 പരാതികള്‍ അധികാരികള്‍ക്ക് ലഭിച്ചു. 6.59 കോടി രൂപ നഷ്ടപരിഹാര ഇനത്തില്‍ ചെലവഴിക്കേണ്ടിയും വന്നു.
വനാതിര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവന്‍, അവര്‍ വളര്‍ത്തുന്ന കന്നുകാലികള്‍, സംരക്ഷിക്കുന്ന കൃഷിഭൂമി എന്നിവയ്ക്ക് വന്യജീവികള്‍ കാരണം സംഭവിക്കുന്ന നഷ്ടത്തിനുമാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. വനവും പരിസ്ഥിതിയും സംബന്ധിച്ച് വിഷയനിര്‍ണയ സമിതി തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും സംരക്ഷണ ഭിത്തിയും കിടങ്ങുകളും നിര്‍മിക്കുന്നതിന് 14 കോടി രൂപയോളം സര്‍ക്കാര്‍ വകയിരുത്തിയിട്ടും പരാതിക്കാരുടെ എണ്ണത്തില്‍ കുറവില്ല. 2010-ല്‍ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2846 പരാതികള്‍ ലഭിച്ചു. 1.19 കോടി രൂപയാണ് അന്ന് നഷ്ടപരിഹാരമായി നല്‍കിയത്. ഇതിന്റെ ആറിരട്ടി തുകയാണ് കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. വയനാട്, ഇടുക്കി, കോട്ടയം ഫോറസ്റ്റ് ഡിവിഷനുകളില്‍ നിന്നാണ് പരാതികളിലേറെയും ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ 20 പേര്‍ മരിച്ചു. ഭൂരിപക്ഷവും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. മരിച്ചവരേറെയും ആദിവാസികളും വിനോദസഞ്ചാരികളുമാണ്. വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നിലവില്‍ 75,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മൂന്നുലക്ഷം രൂപയും വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 1.75 കോടി രൂപയോളം പാമ്പ് കടിയേറ്റവരുടെ ആശ്രിതര്‍ക്ക് നല്‍കി.
വനാതിര്‍ത്തികളിലും വനപ്രദേശങ്ങളുടെ സമീപത്തും താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ കാട്ടുപന്നി, കരടി, കുരങ്ങ്, മാന്‍, മ്ലാവ് എന്നിവയെ കൂടി ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണം തടയുന്നതിനുള്ള ടാസ്‌ക്‌ഫോഴ്‌സിനായി 259 കോടി രൂപയ്ക്കുള്ള നിര്‍ദേശം നല്‍കിയതില്‍ 14 കോടി രൂപ മാത്രമാണ് അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും പര്യാപ്തമായ തുക നീക്കി വകയിരുത്തുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

More Citizen News - Thiruvananthapuram