തച്ചോണത്തിന്റെ സ്വന്തം ഒട്ടുപാല്‍ പന്ത്‌

Posted on: 26 Aug 2015കല്ലറ: ഓരോ നാടിനും നാട്ടുകാര്‍ക്കും പൈതൃകമായി എന്തെങ്കിലുമൊന്ന് പുതിയ തലമുറയ്ക്ക് മുന്നില്‍ എത്തിക്കാനുണ്ടാകും. അത്തരത്തിലൊന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന തച്ചോണം എന്ന ഗ്രാമത്തിനുമുണ്ട്. ഓണക്കാലത്തെ നാടന്‍ പന്തുകളുടെ നിര്‍മാണവും കളിയുമാണത്. തച്ചോണം അഞ്ചുമലക്കുന്ന് നിവാസികളായ വിമല്‍റോയിയും രാജനുമാണ് ഈ ദേശത്ത് നാടന്‍ പന്തുകളുടെ നിര്‍മാണത്തിലുള്ളത്. ഓണക്കാലത്തിന് വളരെ മുമ്പ് തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിലെ ക്ലൂബ്ബുകളില്‍ നിന്ന് ഇവരെത്തിരക്കി ആളുകളെത്തും. ഓരോ ക്ലൂബ്ബുകള്‍ക്കും പത്തും ഇരുപതും പന്തുകളാണ് വേണ്ടത്. ഇതിനുള്ള ഓര്‍ഡര്‍ നല്‍കി പോയല്‍ പിന്നെ മത്സരം നടക്കുന്നതിനു മുമ്പ് വന്ന് പന്തുകള്‍ ശേഖരിച്ചാല്‍ മതിയാകും. പന്തൊന്നിന് 125 രൂപയാണ് വില. തച്ചോണത്തെ വട്ടക്കൈതയില്‍ കുടുംബത്തിലെ രഘുനാഥന്‍ പിള്ളയാണ് ഒട്ടുപാല്‍ പന്തിന്റെ നിര്‍മാണ രീതി ഇവിടെ എത്തിച്ചത്. അത് തലമുറകള്‍ കൈമാറിയാണ് വിമല്‍റോയിയിലും രാജനിലുമെത്തി നില്‍ക്കുന്നത്.
നല്ലവെയിലുള്ള സമയമാണെങ്കില്‍ ഒരു പന്ത് നിര്‍മിക്കാന്‍ മൂന്നുദിവസമെടുക്കും. റബ്ബര്‍ പാലും ആസിഡും വെള്ളവും പ്രത്യേക അനുപാതത്തില്‍ വാവട്ടമുള്ള പാത്രത്തിലിറക്കുന്നതാണ് ആദ്യഘട്ടം. ഷീറ്റിന്റെ ആകൃതിയിലാകുമ്പോള്‍ വശങ്ങള്‍ ഒട്ടിച്ച്‌ചേര്‍ത്ത് ഊതി വീര്‍പ്പിക്കും. ഇതിനെ നന്നായി ഉണക്കിയ ശേഷം തുണിചുറ്റി വെള്ളവും ആസിഡും ചേര്‍ക്കാത്ത റബ്ബര്‍ പാലില്‍ മുക്കി വീണ്ടും വെയിലത്ത്‌ െവച്ച് നന്നായി ഉണക്കിയെടുക്കും. തുടര്‍ന്ന് ഒട്ടുവള്ളികള്‍ ചുറ്റിവലുപ്പംകൂട്ടും. വീണ്ടും പാലില്‍ മുക്കി ഉണക്കിയെടുക്കുമ്പോള്‍ നല്ല ബ്രൗണ്‍ നിറമാകും പന്തുകള്‍ക്ക്. ഈ വര്‍ഷം വിമല്‍റോയിയും രാജനും ചേര്‍ന്ന് അഞ്ഞൂറോളം പന്തുകള്‍ നിര്‍മിച്ച് നല്‍കിക്കഴിഞ്ഞു. പന്ത് നിര്‍മാണത്തില്‍ മാത്രമല്ല നാടന്‍ പന്തുകളിയിലും വൈദഗ്ദ്ധ്യം തെളിയിച്ചവര്‍ ഈ ഗ്രാമത്തില്‍ നിരവധിയാണ്. ഓണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടത്തെ മൈതാനങ്ങള്‍ നാടന്‍ പന്തുകളിക്കാരുടെ ആര്‍പ്പുവിളികള്‍കൊണ്ട് മുഖരിതമാകും. പാരമ്പര്യമായിക്കിട്ടിയ ഈ നാടന്‍ പന്ത് നിര്‍മാണം തച്ചോണം ദേശത്തെ പുതുതലമുറയ്ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുകയാണ് വിമല്‍റോയിയും രാജനും.

More Citizen News - Thiruvananthapuram