ഗതാഗതക്കുരുക്ക്: വെഞ്ഞാറമൂട്ടില്‍ പാര്‍ക്കിങ് നിയന്ത്രണം

Posted on: 25 Aug 2015പാര്‍ക്കിങ് സ്ഥലമില്ല; പഞ്ചായത്തിനെതിരെ വ്യാപാരികള്‍


വെഞ്ഞാറമൂട്:
വെഞ്ഞാറമൂട് കവലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. കടകള്‍ക്ക് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാനാകാത്ത സ്ഥിതി വന്നതോടെ കടകളിലെ ഓണക്കച്ചവടവും അവതാളത്തിലായി. വെഞ്ഞാറമൂട് കവലയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം കണ്ടെത്തുന്നതില്‍ പഞ്ചായത്ത് വീഴ്ചവരുത്തുന്നതിനെതിരെ വ്യാപാരിവ്യവസായികള്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
വെഞ്ഞാറമൂട് കവലയില്‍ ഗതാഗതക്കുരുക്ക് വലുതായതോടെയാണ് പോലീസ് കവലയില്‍ റോഡിന്റെ വശത്ത് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, റോഡ് വശത്ത് വാഹനം പാര്‍ക്ക് ചെയ്യരുത് എന്നുപറയുന്ന പോലീസ്, കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ എവിട പാര്‍ക്കുചെയ്യണമെന്ന് പറയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്രയും വലിയ പാര്‍ക്കിങ്പ്രശ്‌നം ഉണ്ടായിട്ടും പഞ്ചായത്ത് അതിന് ഒരു പരിഹാരവുമുണ്ടാക്കിയില്ലെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ഗതാഗതം തടസ്സംകൂടാതെ നിയന്ത്രിക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നും എന്നാല്‍, കവലയില്‍ പാര്‍ക്കിങ്ങിന് സ്ഥലംകൊടുക്കേണ്ടത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്നും പോലീസ് പറയുന്നു.
പാര്‍ക്കിങ് നിയന്ത്രണം വന്നതോടെ കവലയില്‍ എത്തുന്ന വാഹനങ്ങള്‍ എവിടെ കൊണ്ടുപോയി ഇടണമെന്നറിയാതെ വട്ടംകറങ്ങുകയാണ്. വെഞ്ഞാറമൂട് കവല മുതല്‍ വയ്യേറ്റ് വരെ ഒന്നായികിടക്കുന്നതുകൊണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്.
ഓണക്കാലം കഴിയുന്നത് വരെ പഞ്ചായത്ത് താത്കാലികമായി പ്രത്യേകം പാര്‍ക്കിങ്ങ് ഏരിയ വാടകയ്‌ക്കെടുത്ത് നല്‍കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. കിഴക്കേ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക്, പ്രവര്‍ത്തിക്കാതെ കിടക്കുന്ന പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് മൈതാനവും കവലയിലെ വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാന്‍ രാമചന്ദ്രന്‍സ്മാരക നാടകോത്സവ മൈതാനവും പാര്‍ക്കിങ്ങിന് കണ്ടെത്തണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. തിരുവനന്തപുരം റോഡിലെ വാഹനങ്ങള്‍ക്ക് എസ്.ബി.ടി.ക്ക് സമീപത്തെ വിശാലമായ പുരയിടവും ആറ്റിങ്ങല്‍ റോഡിലെ വാഹനങ്ങള്‍ക്ക് ഗ്രാമീണ്‍ബാങ്കിന് സമീപത്തെ പുരയിടവും പാര്‍ക്കിങ്ങിനായി സജ്ജമാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
അടുത്ത ദിവസംതന്നെ പ്രശ്‌നപരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പഞ്ചായത്തിനുമുന്നില്‍ വ്യാപാരികള്‍ സമരം ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി യൂണിയന്‍ വെഞ്ഞാറമൂട് ടൗണ്‍ യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram