ഗ്രാമങ്ങള്‍ ഓണാഘോഷ ലഹരിയില്‍

Posted on: 25 Aug 2015നെടുമങ്ങാട് : ഓണാഘോഷത്തിന് ഒരുക്കങ്ങളായി. ഗ്രാമഭംഗിക്ക് മാറ്റു കൂട്ടുന്ന തരത്തില്‍ നാട്ടിന്‍പുറങ്ങളില്‍ അത്തപ്പൂക്കളങ്ങള്‍ നിറഞ്ഞു. ഉപ്പും നിറങ്ങളും ഒഴിവാക്കി പൂക്കളുപയോഗിച്ചാണ് ഇത്തവണ അത്തപ്പൂക്കളങ്ങള്‍ ഏറെയും തയ്യാറാക്കിയിട്ടുള്ളത്. ചെറുതും വലുതുമായ പൂക്കളങ്ങള്‍ മത്സര സ്വഭാവത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം മനോഹരമായ പൂക്കളങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓണാഘോഷത്തിന് മുന്നോടിയായി കച്ചവട സ്ഥാപനങ്ങളിലും മാര്‍ക്കറ്റിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തുണിത്തരങ്ങള്‍ വാങ്ങാനായി കുടുംബമായെത്തുന്നവരുടെ തിരക്ക് നെടുമങ്ങാടിനെയും ചുറ്റുമുള്ള പഞ്ചായത്ത് കേന്ദ്രങ്ങളിലും തിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയാണ്. നെടുമങ്ങാട് നഗരത്തിനുള്ളിലെ റോഡ് വശങ്ങള്‍ മുഴുവനും തെരുവോര കച്ചവടത്തിനായി വിട്ടുനല്‍കിയിരിക്കുന്നതിനാല്‍ നഗരത്തിനുള്ളിലെ തിരക്ക് കൂടി. സംസ്ഥാന സര്‍ക്കാരും നഗരസഭയും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടിയുടെ അലങ്കാരങ്ങളും നെടുമങ്ങാടിനെ വര്‍ണാഭമാക്കിത്തുടങ്ങി. കരിയില മാടനും പുലികളും നാട്ടിലിറങ്ങി ഓണ വരവേല്പ് അറിയിച്ചു തുടങ്ങി.

More Citizen News - Thiruvananthapuram