ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം - കടകംപള്ളി സുരേന്ദ്രന്‍

Posted on: 25 Aug 2015തിരുവനന്തപുരം: ആയിരങ്ങള്‍ ചികിത്സ തേടി എത്തുന്ന ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും വകുപ്പ് മന്ത്രിയും പിന്തിരിയണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാതായി അഞ്ച് മാസം കഴിഞ്ഞിട്ടും പുതിയ സൂപ്രണ്ടിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ കുടുതല്‍ ഗുരുതരമാക്കുന്നത്. ആശുപത്രി വളപ്പിന് പുറത്താണ് ലാബും എക്‌സ്‌റേ യൂണിറ്റും. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് രോഗികളെ ഇതിലേക്ക് എത്തിക്കാന്‍ രോഗികളും ബന്ധുക്കളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ആശുപത്രി വളപ്പിനുള്ളിലെ റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താല്‍ വന്‍ കുഴികളില്‍ വെള്ളം നിറയും. ജീവനക്കാരും രോഗികളും വാര്‍ഡില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാര്‍ഡിലെ കുഴിയില്‍ വീഴും. ഗുരുതര രോഗം ബാധിച്ചവരെ ഈ വെള്ളക്കെട്ടിലൂടെ വേണം വീല്‍ചെയറുകളില്‍ വാര്‍ഡുകളില്‍ എത്തിക്കാന്‍. അത്യാവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്. ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള പരിമിതികള്‍ക്ക് പരിഹാരം കാണാനും സ്ഥിരം സൂപ്രണ്ടിന്റെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram