പ്രഥമ മുണ്ടശ്ശേരി പുരസ്‌കാരം സമ്മാനിച്ചു

Posted on: 25 Aug 2015തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ പ്രഥമ മുണ്ടശ്ശേരി പുരസ്‌കാരം ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കര്‍ക്ക് സമ്മാനിച്ചു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പുരസ്‌കാരം വിതരണം ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ജനകീയമാക്കാന്‍ ശ്രമിച്ച മുണ്ടശ്ശേരി തിന്മയ്‌ക്കെതിരെ പോരാടിയ വ്യക്തി കൂടിയായിരുന്നെന്ന് എം.എ.ബേബി പറഞ്ഞു.
പ്രശസ്തി പത്രവും 50,000 രൂപയും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. യുവസാഹിത്യകാരന്മാര്‍ക്കായി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജീവന്‍ ജോബ് തോമസിന് ഡോ. ടി.എന്‍.സീമ നല്‍കി.
വര്‍ഗീയത രാഷ്ട്രത്തിന്റെ കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ വര്‍ഗീയതയ്ക്ക് എതിരായ സമരത്തിന് പ്രസക്തിയില്ലെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. കെ.എന്‍.പണിക്കര്‍ പറഞ്ഞു. മതേതരത്വം പുനഃസൃഷ്ടിക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ജി.ബാലമോഹന്‍ തമ്പി അധ്യക്ഷനായിരുന്നു. കവി വിനോദ് വൈശാലി പ്രശസ്തിപത്രം വായിച്ചു. പ്രൊഫ. കെ.എന്‍.ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ കെ.ചന്ദ്രിക, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ജോസ് മുണ്ടശ്ശേരി, പി.എം.കുര്യാക്കോസ്, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, പി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ഗോവിന്ദപിള്ളയുടേയും പ്രൊഫ. നൈനാന്‍ കോശിയുടേയും അരുവിപ്പുറം പ്രഭാകരന്റേയും ശേഖരത്തിലെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ മുണ്ടശ്ശേരി ഫൗണ്ടേഷന് കൈമാറി. പി.ജി.യുടെ മകള്‍ ആര്‍.പാര്‍വതീദേവി കൈമാറിയ പുസ്തകങ്ങള്‍ വി.എന്‍.മുരളി സ്വീകരിച്ചു. നൈനാന്‍ കോശിയുടെ ശേഖരത്തിലെ പുസ്തകങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ചു. മുണ്ടശ്ശേരി സ്മാരക ഗ്രന്ഥശാലയിലെ മുണ്ടശ്ശേരിയുടെ കൃതികളടങ്ങുന്ന പ്രത്യേക മുണ്ടശ്ശേരി കോര്‍ണറിന്റെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു.
പുരസ്‌കാര വിതരണത്തിന് മുന്നോടിയായി 'മലയാളസാഹിത്യ നിരൂപണം മുണ്ടശ്ശേരിക്കു ശേഷം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സെമിനാറില്‍ ഡോ. പി.സോമന്‍, പ്രൊഫ. ബി.രാജീവന്‍, പ്രൊഫ. എ.ജി.ഒലീന, ഡോ. എം.എ.സിദ്ദിഖ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

More Citizen News - Thiruvananthapuram