ഓണത്തിരക്കേറി; വര്‍ക്കലയില്‍ ഗതാഗതം കുരുങ്ങുന്നു

Posted on: 25 Aug 2015വര്‍ക്കല: ഓണത്തിരക്കേറുന്നതനുസരിച്ച് വര്‍ക്കല ടൗണില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നു. പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്തതാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. അണ്ടര്‍പാസ്സേജ് മുതല്‍ റെയില്‍വേസ്റ്റേഷന്‍ വരെയും വര്‍ക്കല ക്ഷേത്രം റോഡിലുമാണ് തിരക്കേറെയുള്ളത്. വിവിധ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ കടകള്‍ക്ക് മുന്നിലാണ് നിര്‍ത്തിയിടുന്നത്. തിരക്കേറിയ ഭാഗങ്ങളില്‍ റോഡരികിലെ പാര്‍ക്കിങ് കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ഓണസാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സ്ഥലം ടൗണിലില്ല. പ്രധാന വ്യാപാരസ്ഥാപനങ്ങള്‍ക്ക് സമീപം എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. പാര്‍ക്കിങ്ങിന് പ്രത്യേകം സ്ഥലവും ഒരുക്കിയിട്ടില്ല. ഓണക്കച്ചവടം പ്രതീക്ഷിച്ച് പലയിടത്തും വ്യാപാരികള്‍ ഫുട്പാത്തുകളിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ചിട്ടുണ്ട്. ചില വ്യാപാരികള്‍ വാഹനങ്ങള്‍ കടയുടെ മുന്നിലെ ഫുട്പാത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ചിലയിടത്ത് വഴിവാണിഭവുമുണ്ട്. ഇതെല്ലാം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ടൗണിന്റെ ഹൃദയഭാഗത്തും തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ യാത്രക്കാരെ തേടി സഞ്ചരിക്കുന്ന ഓട്ടോറിക്ഷകള്‍ കൂടിയാകുമ്പോള്‍ ഗതാഗതക്കുരുക്കായി. ചില സ്വകാര്യബസ്സുകള്‍ റോഡിന്റെ മധ്യഭാഗത്ത് നിര്‍ത്തിയാണ് ആളെ ഇറക്കുന്നത്. ഇതിന് പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് ബസ് പോകുന്നത് വരെ കാത്തുകിടന്നേ പറ്റൂ. കെ.എസ്.എഫ്.ഇ.ക്ക് മുന്നിലെ സ്റ്റോപ്പില്‍ ഓരോ ബസ് നിര്‍ത്തുമ്പോഴും പിന്നില്‍ വാഹനങ്ങളുടെ നിരനീളും. ക്ഷേത്രം റോഡില്‍ വര്‍ക്കല മുതല്‍ താലൂക്കാശുപത്രി വരെ എപ്പോഴും തിരക്കാണ്. ബിവറേജസ് ഷോപ്പിന് സമീപത്തെ റോഡിലാണ് ഏറെ തിരക്ക്. സൂപ്പര്‍ മാര്‍ക്കറ്റ്, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, താലൂക്കാശുപത്രിക്ക് സമീപമുള്ള അനധികൃത ചന്ത എന്നിവയെല്ലാം തിരക്ക് വര്‍ധനയ്ക്ക് കാരണമാകുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ഇതുവരെ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തവണ അതുമുണ്ടായില്ല. പ്രധാന പോയിന്റുകളില്‍ പോലീസിനെ നിയോഗിച്ച് ഓണനാളുകളിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണാവശ്യം.

More Citizen News - Thiruvananthapuram