അന്യസംസ്ഥാന ഗായകര്‍ക്കെന്നപോലെ മലയാളിക്കുട്ടികള്‍ക്കും അവസരം നല്‍കണം- കെ.എസ്.ചിത്ര

Posted on: 25 Aug 2015നിശാഗന്ധിയില്‍ ചിത്രയുടെ ഗാനമേള ഇന്ന്


തിരുവനന്തപുരം:
സംഗീതരംഗത്ത് കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രതിഭാധനര്‍ ഏറെയുണ്ടെന്നും ഗായിക കെ.എസ്.ചിത്ര പറഞ്ഞു. ശ്രേയാഘോഷാലിനെപ്പോലെ പ്രതിഭാധനരായവര്‍ വരുന്നത് വളരെ നല്ല കാര്യമാണ്. അതോടൊപ്പം ഇവിടത്തെ കുട്ടികള്‍ക്കും അവസരം നല്‍കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ഇവിടെ ലഭിക്കുന്ന ആദരവും പരിഗണനയും നമ്മുടെ കുട്ടികള്‍ക്ക് അവിടെ ലഭിക്കണമെന്നില്ലെന്നും ചിത്ര പറഞ്ഞു.
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിത്ര. റിയാലിറ്റി ഷോകള്‍ കാരണം പുതുതലമുറയിലെ ഒരുപാട് കുട്ടികള്‍ക്ക് സംഗീതത്തില്‍ പരിശീലനവും അവസരവും ലഭിക്കുന്നു.
ഇത്തരം ഷോകളുമായി ബന്ധപ്പെട്ട് ജൂറികളുടെ അഭിപ്രായപ്രകടനങ്ങള്‍ ഏറെയും ആത്മാര്‍ത്ഥതയോടെതന്നെയാണ്. പ്രിയപ്പെട്ട കുട്ടികള്‍ എലിമിനേഷന്‍ റൗണ്ടില്‍നിന്ന് പുറത്താകുമ്പോള്‍ കരഞ്ഞുപോകുന്നത് നാടകീയത കൊണ്ടല്ലെന്നും പരിചയപ്പെട്ട ശേഷം ഏറെനാള്‍ കൊണ്ടുണ്ടാകുന്ന ആത്മബന്ധം കൊണ്ടാണെന്നും ചിത്ര പറഞ്ഞു.
ഓണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറെയൊന്നും ആല്‍ബങ്ങള്‍ കാസറ്റുകളായും സി.ഡി.കളായും ഇറങ്ങുന്നില്ലെന്ന്്് ചിത്ര പറഞ്ഞു. മുമ്പൊക്കെ ആല്‍ബങ്ങളില്‍ പാടുന്നതിന് ക്ഷണമെത്തുമ്പോള്‍ ഓണം അടുക്കുന്നുവെന്ന തോന്നലുണ്ടാകുമായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനിലും യുട്യൂബിലുമൊക്കെ നിരവധി ഗാനങ്ങളുണ്ടാകുന്നുണ്ട്. ഉടന്‍ തന്റെ ഒരു ഗാനം യുട്യൂബില്‍ റിലീസ് ചെയ്യുമെന്നും ചിത്ര അറിയിച്ചു.
വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷ പരിപാടിയുടെ ആദ്യദിനത്തില്‍ ചിത്രയുടെ നേതൃത്വത്തില്‍ ഗാനമേളയുണ്ട്. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ഓണാഘോഷപരിപാടിയില്‍ താന്‍ പങ്കെടുക്കുന്നതെന്ന് ചിത്ര പറഞ്ഞു. മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒരുപിടി ഗാനങ്ങളാണ് 'മാജിക്കല്‍ മെലഡീസ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ചിത്ര പറഞ്ഞു.
കനകക്കുന്നിലെ നവീകരിച്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ െവച്ചാണ് ഗാനമേള നടത്തുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ഷേക്ക് പരീത് പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിലാണ് ഗാനമേളയുടെ റിഹേഴ്‌സല്‍ നടന്നത്.

More Citizen News - Thiruvananthapuram